തൃശൂർ നഗരത്തിൽ ഇതര സംസ്ഥാന സെക്സ് മാഫിയ നടത്തിയിരുന്ന അനാശാസ്യ കേന്ദ്രത്തിൽ ക്രൂര മർദ്ദനത്തിനിരയായി പരുക്കേറ്റ ഒഡീഷ സ്വദേശി ധൻപതി നായിക് (27) എന്നയാളാണ് കൊല്ലപ്പെട്ടത്. ഈ കേസിൽ നാല് സ്ത്രീകളും രണ്ടു പുരുഷന്മാരും ഉൾപ്പെടെ ആറ് പേർ അറസ്റ്റിലായി.
തൃശൂർ സ്വരാജ് റൗണ്ടിന് അമ്പത് മീറ്റർ മാത്രം അകലെ കോരപ്പത്ത് ലൈനിലെ ഇരുനില വീട് വാടകയ്ക്ക് എടുത്താണ് അനാശാസ്യ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഫ്ലാറ്റുകളും വീടുകളും നിറഞ്ഞ പ്രദേശം പൊതുവെ ശാന്തമാണ്. ഇവിടെ ഇതര സംസ്ഥാനക്കാർ കുടുംബമായി താമസിക്കുകയാണെന്നാണ് നാട്ടുകാർ കരുതിയിരുന്നത്.
പ്രതികളായ മൊഹന്ദി നായിക് (27), നോബി ഹുസൈൻ (27), മാസുമ ഖട്ടൻ (23), നസ്രിൻ അക്താര (24), റുബീന ബീഗം (21), മജാമി ഖട്ടൻ (20) എന്നീ ഒഡീഷ സ്വദേശികളെ ഈസ്റ്റ് പോലീസ് പിടികൂടി.
ഈ മാസം 18 ന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. ഇടപാട് നടത്താൻ എത്തിയ ധന്‍പതി നായിക്കിന് തലച്ചോറിനാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി.
പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇതര സംസ്ഥാനക്കാർക്ക് മാത്രമായിരുന്നു വേശ്യാലയ പ്രവേശനം.
ഒഡീഷ സ്വദേശിയായ ബിച്ചുനായിക്ക് ആണ് വീട് വാടകയ്ക്ക് എടുത്ത് പെണ്‍വാണിഭ കേന്ദ്രം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. തൃശൂര്‍ നഗരത്തിലാണ് ഈ പെണ്‍വാണിഭ കേന്ദ്രം പ്രവർത്തിച്ചിരുന്നതെങ്കിലും നാട്ടുകാരുടെ ശ്രദ്ധ പതിയാതിരിക്കാന്‍ പുറകുവശം വഴിയാണ് ആളുകളെ പ്രവേശിപ്പിച്ചിരുന്നത്. അസം, ഒഡീഷ സ്വദേശികളായ യുവതികളാണ് പൊലീസിന്റെ പിടിയിലായത്.
പെൺവാണിഭ കേന്ദ്രത്തിൽ ഇതര സംസ്ഥാനക്കാരൻ കൊല്ലപ്പെട്ട കേസിൽ പുറത്തു വന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. രഹസ്യമായി നടന്നിരുന്ന ഇവിടേക്ക് ഇതര സംസ്ഥാന തൊഴിലാളികൾക്കു മാത്രമായി പ്രവേശനം നിയന്ത്രിച്ചതുകൊണ്ടാണ് വിവരം പുറത്തുവരാൻ വൈകിയത്.
ഈ മാസം 18 നാണ് തൃശൂർ നഗരത്തിലെ ഹോട്ടലിൽ ജോലി ചെയ്യുന്ന ഒഡീഷ സ്വദേശികളായ കാർത്തിക് നായിക്, മക്രഹാജി, തൃണാദ് മദാദി, ധൻപതി നായിക് എന്നിവർ ഈ കേന്ദ്രത്തിലെത്തിയത്. ഇടപാട് കഴിഞ്ഞ ശേഷം പണം നൽകുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കമാണ് മർദ്ദനത്തിനും മരണത്തിനും കാരണമായത്.
തർക്കം അവസാനിപ്പിച്ച് പുറത്തിറങ്ങിയവരെ തിരികെ വിളിച്ച് അകത്തുകയറ്റി നടത്തിപ്പുകാർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. എല്ലാവർക്കും നല്ലതോതിൽ മർദ്ദനമേറ്റു. ഇടിവള ഉൾപ്പെടെയുള്ള വസ്തുകൾ ഉപയോഗിച്ചായിരുന്നു മർദ്ദനം.
സംഭവം പുറത്തറിയാതിരിക്കാൻ ഇവർ അന്ന് ആശുപത്രിയിൽ പോയില്ല. പിറ്റേന്ന് ധൻപത് നായികിന്റെ പരിക്ക് ഗുരുതരമാണെന്ന് കണ്ടാണ് ചികിൽസ തേടിയത്. തലച്ചോറിന് ക്ഷതമേറ്റ ഇയാൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്ന് വെളുപ്പിനാണ് മരണപ്പെട്ടത്. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും ചിലർ അസമിലേക്ക് കടന്നതായും സൂചനയുണ്ട്.
