വി.ഡി.സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റ് തൃത്താലയുടെ വികസന സ്വപ്നങ്ങളുടെ ചിറക് വിരിയിക്കുമെന്ന് വി.ടി ബൽറാം എം.എൽ.എ

മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ പ്രത്യേകം പരാമർശിച്ച രണ്ട് പദ്ധതികൾ തൃത്താലയെ സംബന്ധിച്ച് സുപ്രധാനമാണ്. ചാലിശ്ശേരി ആശുപത്രിയുടെ സമഗ്ര നവീകരണമാണ് ഒന്ന്. നിലവിൽ രണ്ട് കോടി രൂപ പ്രാരംഭ പ്രവർത്തനങ്ങൾക്കായി പ്രഖ്യാപിച്ചിരിക്കുന്ന ഈ പദ്ധതിയിലൂടെ വലിയ വികസനമാണ് ആശുപത്രിയിലുണ്ടാവുക. ഇതിനായി കൂടുതൽ തുക അനുവദിക്കും. അവിടെ നിലവിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെൻ്ററിൻ്റെ വിപുലീകരണവും യാഥാർത്ഥ്യമാവുമെന്ന് വി.ടി ബൽറാം പറഞ്ഞു.

മുൻ രാഷ്ട്രപതി ഡോ.കെ.ആർ.നാരായണൻ്റെ പേരിലുള്ള സിവിൽ സർവ്വീസ് അക്കാദമി നമ്മുടെ യുവതലമുറയിലുള്ള പ്രതീക്ഷാനിർഭരമായ ഒരു നിക്ഷേപമാണ്. തൃത്താലയടങ്ങുന്ന പഴയ ഒറ്റപ്പാലം പാർലമെൻ്റ് മണ്ഡലത്തിൽ നിന്നുള്ള ലോകസഭാംഗം കൂടിയായിരുന്ന ഡോ.കെ.ആർ.നാരായണൻ്റെ പാത പിന്തുടർന്ന് പിന്നാക്ക, ദുർബല ജനവിഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് യുവതീയുവാക്കളെ ഭരണരംഗത്തേക്ക് കൈപിടിച്ച് നടത്താൻ ഈ സ്ഥാപനത്തിന് നാളെകളിൽ കഴിയും.

തൃത്താല മണ്ഡലത്തിൻ്റെ ആസ്ഥാന പട്ടണമായ കൂറ്റനാട് കേന്ദ്രീകരിച്ച് ഒരു പുതിയ ടൂറിസം പദ്ധതി കൂടി യാഥാർത്ഥ്യമാവുകയാണ്. വാട്ടർ അതോറിറ്റിയുമായി സഹകരിച്ച് നടത്തുന്ന ഈ പദ്ധതിക്കായി 3 കോടി രൂപ ബജറ്റിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എംഎൽഎ ഫണ്ടും ഇതോടൊപ്പം ചെലവഴിക്കാൻ ഉദ്ദേശ്യമുണ്ട്. 

പാലക്കാട്, മലപ്പുറം ജില്ലകളിലുള്ള പരുതൂർ, ഇരുമ്പിളിയം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തരത്തിൽ തൂതപ്പുഴക്ക് കുറുകെ പുതിയ പാലം നിർമ്മാണ പദ്ധതി ബജറ്റിൽ ഇടം പിടിച്ചിട്ടുണ്ട്. മുറിഞ്ഞായക്കടവ്-കൈതക്കടവ് പാലത്തിന് ഇപ്പോൾ ടോക്കൺ പ്രൊവിഷനാണ് ഉള്ളതെങ്കിലും മുഖ്യമന്ത്രിയുടെ പ്രത്യേക അനുമതിയോടെ ഇത് യാഥാർത്ഥ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. 

റോഡുകളടക്കമുള്ള നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കും ബജറ്റിൽ പണമനുവദിച്ചിട്ടുണ്ട്. ഇരുപത് ശതമാനമെങ്കിലും പണം അനുവദിച്ച പദ്ധതികൾക്ക് ബന്ധപ്പെട്ട വകുപ്പുകൾ വഴി ഭരണാനുമതി നേടി ഈ വർഷം തന്നെ നിർവ്വഹണമാരംഭിക്കാൻ കഴിയും. 

കൂട്ടുപാത-ആറങ്ങോട്ടുകര റോഡ് നവീകരണത്തിനായി ഏഴര കോടിയും മല-ചാലിശ്ശേരി റോഡിന് നാല് കോടിയും നടുവട്ടം-തണ്ണീർക്കോട് റോഡിന് മൂന്ന് കോടിയും മാത്തൂർ-ആമക്കാവ് റോഡിന് മൂന്ന് കോടിയും അനുവദിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ തിരുമിറ്റക്കോട് രായമംഗലം ദുബായ് റോഡിലെ പാലത്തിനും പരുതൂർ പഞ്ചായത്തിലെ ഏച്ചുണ്ണി പാലത്തിനും പഴയങ്ങാടി-ചിറങ്കര റോഡിനും ബജറ്റിൽ പണമുണ്ട്. 

നാഗലശ്ശേരി ഗവ.ഐടിഐക്കും മലമക്കാവ് ജിഎൽപി സ്‌ക്കൂളിനും പുതിയ കെട്ടിടങ്ങളുണ്ടാക്കാൻ ബജറ്റിൽ പണമനുവദിച്ചു. എംഎൽഎ ഫണ്ടു കൂടി ചേർത്ത് മതിയായ സൗകര്യങ്ങളുള്ള കെട്ടിടങ്ങൾ ഇവിടെ നിർമ്മിക്കും.

നാഗലശ്ശേരി, ചാലിശ്ശേരി പഞ്ചായത്തുകളിലെ രണ്ട് കുളങ്ങൾ നവീകരിക്കാൻ 50 ലക്ഷം രൂപ വീതം ബജറ്റിൽ പണം അനുവദിച്ചിട്ടുണ്ട്. കപ്പൂർ തോട്ടുപാടത്ത് കനാൽ നവീകരണ പദ്ധതിക്ക് 63 ലക്ഷം രൂപയാണ് ബജറ്റിൽ അനുവദിച്ചിട്ടുള്ളത്.

ടോക്കൺ പ്രൊവിഷൻ വച്ചിട്ടുള്ള മറ്റ് ചില പദ്ധതികൾക്കും ആവശ്യമായ അനുമതികൾ ഈ വർഷം തന്നെ നേടിയെടുക്കാനാവുമെന്നാണ് പ്രതീക്ഷ. കുനമ്മൂച്ചി മുക്കൂട്ട റോഡ്, തൃത്താല കൂറ്റനാട് റോഡ്, ആനക്കര പറക്കുളം അരിക്കാട് റോഡ്, തൃത്താല പഞ്ചായത്ത് ഓഫീസ് കെട്ടിടം, ബഡ്‌സ് സ്‌ക്കൂളുകൾ, പന്നിയൂർ ചിറ നവീകരണം എന്നിവയൊക്കെ ബജറ്റ് രേഖകളുടെ ഭാഗമാണ് എന്ന് വി.ടി ബൽറാം എം.എൽ.എ അറിയിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം