തൃത്താലയിലെ ഓണ വിപണിയിൽ വിപണനം ചെയ്തത് 12 ടൺ പച്ചക്കറി. മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തിൽ തൃത്താല മണ്ഡലത്തിൽ നടപ്പാക്കുന്ന സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി നടന്ന ഓണ വിപണിയിലാണ് 12 ടൺ പച്ചക്കറി വിപണനം ചെയ്തത്. സുസ്ഥിര തൃത്താലയുടെ ഭാഗമായി പടിഞ്ഞാറങ്ങാടിയിൽ നടന്ന കാർഷിക കാർണിവല്ലിൽ മാത്രം 4185 കിലോ പച്ചക്കറി വിപണനം ചെയ്തു. 1.40 ലക്ഷം രൂപയാണ് പച്ചക്കറി വില്പനയിലൂടെ ലഭ്യമായത്.
ഓണ വിപണിയിലെ താരമായ നേന്ത്രക്കായക്കായിരുന്നു കാർണിവല്ലിൽ ആവശ്യക്കാർ ഏറെ. 2123 കിലോ നേന്ത്രക്കായ വില്പന നടത്തി. മത്സ്യ വിപണനവും തകൃതിയായിരുന്നു. ഒരു കിലോയ്ക്ക് 300 രൂപ നിരക്കിൽ 38 കിലോ വരാൽ മത്സ്യമാണ് വില്പന നടത്തിയത്.
ഓണവിപണി ലക്ഷ്യമിട്ട് 162 ഏക്കർ സ്ഥലത്താണ് പച്ചക്കറിയും കിഴങ്ങു വിളകളും പൂക്കളുമെല്ലാം കൃഷി ചെയ്തത്. കർഷകരിൽ നിന്ന് 20 ശതമാനം അധിക വിലയ്ക്ക് പച്ചക്കറികൾ സംഭരിച്ച് 30 ശതമാനം കുറഞ്ഞ വിലയ്ക്കാണ് വിപണം ചെയ്തത്. പൊതുജനങ്ങൾക്ക് വിഷരഹിത പച്ചക്കറി ലഭ്യമാക്കുകയും മണ്ഡലത്തിലെ തരിശ് ഭൂമി കൃഷി ഭൂമിയാക്കി മാറ്റുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
