ഓണം നാളുകളിൽ സംസ്ഥാനത്ത് സപ്ലൈകോയിൽ എത്തിയത് 57 ലക്ഷം പേർ. സപ്ലൈകോയിൽ പോയാൽ ഒരു സാധനവും കിട്ടില്ലെന്ന് പറഞ്ഞവരുടെ നാവടക്കുന്ന തരത്തിൽ ജനം തള്ളിക്കയറിയപ്പോൾ ഓണം ഹാപ്പിയായി. സംസ്ഥാനത്താകെയുള്ള വിൽപന ശാലകളിലേക്ക് ഈ ഓണക്കാലത്ത് ഒഴുകിയെത്തിയത് 56,73,960 ഉപഭോക്താക്കൾ.
പൊതുവിപണിയിലെ വില പിടിച്ചുനിർത്താനും വിലക്കയറ്റം കുറയ്ക്കാനും ഏറ്റവും മാതൃകാപരമായ നടപടികളായിരുന്നു സർക്കാർ സ്വീകരിച്ചത്. സിവിൽ സപ്ലൈസ് കോർപറേഷനും കൺസ്യൂമർഫെഡും തുറന്നിട്ട വിപണന കേന്ദ്രങ്ങൾ ജനങ്ങൾക്ക് 'ഹാപ്പി ഓണം' തന്നെ സമ്മാനിച്ചു.
ഓണക്കാലത്ത് 386.19 കോടിയുടെ സാധനങ്ങളാണ് സപ്ലൈകോ വിറ്റത്. 300 കോടിയായിരുന്നു ലക്ഷ്യം. അതും കടന്ന് കുതിക്കാൻ കാരണം വിലക്കുറവിനൊപ്പം സാധനങ്ങളുടെ ഗുണമേന്മയുമാണ്. സബ്‌സിഡി വിൽപന 180 കോടിയും ഇല്ലാത്തത് 206 കോടിയുമായിരുന്നു. ഇതുവരെ 5,53,817 (93 ശതമാനം) എ.എ.വൈ കാർഡുടമകൾ ഓണക്കിറ്റ് കൈപ്പറ്റി.
