നിർധന കുടുംബത്തിന് ചാലിശ്ശേരി നവയുഗ കൂട്ടായ്മ നിർമ്മിച്ച കരുണാ മന്ദിരം കൈമാറി.

കൂലിപ്പണിയിലൂടെ കുടുംബം പോറ്റിയിരുന്ന ചാലിശ്ശേരി ആലിക്കര വേങ്ങാട്ടു പറമ്പിൽ അജിതൻ (45) കഴിഞ്ഞ വർഷം ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടതോടെയാണ് പാവപ്പെട്ട കുടുംബം അനാഥാവസ്ഥയിലായത്. 

അജിതൻ മരണപ്പെട്ട് രണ്ട് മാസം പിന്നിട്ടപ്പോൾ പ്ലസ് വൺ വിദ്യാർത്ഥിയായ മൂത്തമകൻ അതുൽ കൃഷ്ണ (16) യും വാഹനാപകടത്തിൽ മരണപ്പെട്ടു. ഇതോടെ  അന്തിയുറങ്ങാൻ നല്ലൊരു വീടില്ലാത്ത നിർധന കുടുംബം ആകെ തകർന്നുപോയി.

ഈ സാഹചര്യത്തിലാണ് നവയുഗ പുരാഘോഷ കമ്മിറ്റി അജിതൻ്റെ കുടുംബത്തെ സഹായിക്കാൻ രംഗത്തിറങ്ങിയത്. പൂരാഘോഷത്തിനു വേണ്ടി മാറ്റിവച്ച അഞ്ച് ലക്ഷം രൂപ

വീടു നിർമ്മാണത്തിലേക്ക് വക മാറ്റാൻ അവർ തീരുമാനിച്ചു. അഡ്വാൻസ് നൽകിയ ആനയുടെ ഏക്കതുക ഉടമയിൽ നിന്ന് തിരിച്ചു വാങ്ങി, വീടിൻ്റെ പുനർനിർമ്മാണം തുടങ്ങി.

700 ചതുരശ്രയടി വീടിൻ്റെ ടൈൽ, തേപ്പ്, ജനൽ, വാതിൽ, ശുചിമുറി, പെയിന്റിംഗ്, ഇലക്ട്രിക്കൽ, പ്ലമ്പിങ് തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കി മനോഹരമായി പണികഴിപ്പിച്ചാണ് കരുണാമന്ദിരം അജിതൻ്റെ കുടുംബത്തിന് കൈമാറിയത്.

ഉത്സവാഘോഷത്തേക്കാൾ വലുതാണ് മാനവ സേവയെന്ന് തിരിച്ചറിഞ്ഞ നവയുഗയിലെ നാല്പതോളം യുവാക്കൾ നാടിന് മാതൃകാ പ്രവർത്തനം കാഴ്ചവച്ചപ്പോൾ താക്കോൽ ദാന ചടങ്ങിന് എത്തിയ നാട്ടുകാർക്കത് ആനന്ദക്കാഴ്ചയായി. കണ്ടു നിന്നവരുടെ കണ്ണുകളിൽ കർപ്പൂര ദീപങ്ങൾ തെളിഞ്ഞു. ഹൃദയങ്ങളിൽ പഞ്ചാരി മുഴങ്ങി. മാറ്റി വച്ച ഉത്സവം ഓരോ മനസ്സിലും ആഹ്ലാദപ്പൂമഴയായി ചൊരിഞ്ഞു.

മാതൃകാ പ്രവർത്തനം നടത്തിയ നവയുഗ പൂരാഘോഷ കമ്മിറ്റി അംഗങ്ങളെ നാട്ടുകാർ ഒന്നടങ്കം അനുമോദിച്ചു. തിരുവോണ നാളിൽ വീടിന്റെ താക്കോൽ വാർഡ് മെമ്പർ ഷഹന മുജീബ് അജിതൻ്റെ കുടുംബത്തിന് കൈമാറി.

ചടങ്ങിൽ കുന്നംകുളം ഷെയർ ആൻ്റ് കെയർ ചാരിറ്റബിൾ സൊസെറ്റി, അജിതൻ്റെ മകൾ അൻസിയക്ക് എൽ.ഇ.ഡി ടി.വി കൈമാറി. നവയുഗ കമ്മിറ്റിയുടെ സദുദ്യമത്തിന് സഹായം നൽകിയ ഷെയർ ആൻ്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി, കല്ലുപുറം സൂര്യപുത്ര പൂരാഘോഷ കമ്മിറ്റി, അവിട്ടം ഗ്രൂപ്പ്, ചിറക്കൽ കാളിദാസൻ ആന ഉടമ മധു, കോൺട്രാക്ടർ ധനൂഷ് എന്നിവരെ താക്കോൽ കൈമാറ്റ ചടങ്ങിൽ ആദരിച്ചു.

മോഹനൻ വെളിയതടം, സുഷി ആലിക്കര, ഉമ്മർ ആലിക്കര, ലെബീബ് ഹസ്സൻ എന്നിവർ സംസാരിച്ചു. നവയുഗ കൂട്ടായ്മ അംഗങ്ങൾ, ഷെയർ ആൻ്റ് കെയർ അംഗങ്ങൾ,  പ്രദേശവാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം