പാലക്കാട് , മലപ്പുറം , തൃശ്ശൂര്‍ , കോഴിക്കോട് ജില്ലകളില്‍ ജീവിക്കുന്ന കര്‍ഷക സമൂഹമാണ് കണക്കന്‍. അവരുടെ തലവനായിരുന്നു കണക്കനാര്‍. ഇന്നത്തരം പദവികള്‍ ഇല്ലെങ്കിലും 1905-1907 ല്‍ പ്രസിദ്ധീകരിച്ച രേഖകളില്‍ കണക്കനാരെ കുറിച്ചുളള വിവരണമുണ്ട്. കണക്കനാരെ കുറിച്ചുളള പാട്ടുകളാണ് കണക്കനാര്‍പ്പാട്ടുകള്‍. ഓണക്കാലത്തും മറ്റും കണക്കനാർപ്പുകൾ അവതരിപ്പിക്കുന്നു.
വാഴുക വാഴുക വാഴുക വാഴുകേയ് കണക്കന്നൂർ വാഴും കണക്കനാർ വാഴുക
കണക്കന്നൂർ ഗ്രാമത്തിൽ വാഴുന്ന കണക്കനാരെ പുകഴ്ത്തിക്കൊണ്ടുളള വാഴ്ത്തുപാട്ടിൻ്റെ ഏതാനും വരികളാണ് ഇത്. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന കണക്കനാര്‍പ്പാട്ടിലെ ഈ വട്ടക്കളിപ്പാട്ട് നോക്കുക...
താനോ തനന്തിന്നോ താനിന്നാനോ തക തക താനോ തനന്തിന്നോ താനിന്നാനോ മേടം പിറന്നെന്നു കണക്കനാര് കൂടെ പിറന്നെന്നു കൂട്ടുകാരും പാടത്തിറങ്ങുന്നു കണക്കനാര് കൂടെയിറങ്ങുന്നു കൂട്ടുകാരും
പരമ്പരാഗത കൃഷി രീതിയനുസരിച്ച് കേരളത്തിലെ ഒന്നാം വിള നെല്‍കൃഷി വിരിപ്പാണ് . മലയാള മാസം മേടത്തിലാണ് വിരിപ്പുകൃഷിയുടെ തുടക്കം .
കന്നിനെയിറക്കുന്നു കണക്കനാര് കൂടെയിറക്കുന്നു കൂട്ടുകാരും
തുടര്‍ന്ന് വിരിപ്പു കൃഷിയുടെ ഓരോ ഘട്ടങ്ങളും പാടുന്നു. അവസാനം
ചിങ്ങം വന്നെന്നു കണക്കനാര് കൂടെ വന്നെന്നു കൂട്ടുകാരും കൊയ്തു മറിക്കുന്നു കണക്കനാര് കൂടെ മറിക്കുന്നു കൂട്ടുകാരും വട്ടത്തില്‍ കളിക്കുന്നു കണക്കനാര് കൂടെ കളിക്കുന്നു കൂട്ടുകാരും
വളളുവ കണക്കന്മാരുടെ ആസ്ഥാനമായിരുന്ന വളളുവനാട്ടിലെ പ്രധാന ഓണക്കളികളിലൊന്നാണ് വട്ടക്കളി. ഇന്നും അതിനൊരു മാറ്റവും സംഭവിച്ചിട്ടില്ല. പ്രാദേശിക ഭരണകൂടങ്ങള്‍ സംഘടിപ്പിക്കുന്ന ഓണം ഫെസ്റ്റുകളിലും ക്ലബുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങളിലും വട്ടക്കളി ഒഴിച്ചു കൂടാനാകാത്ത കലാരൂപമാണ് . കൊയ്ത്തും മെതിയും കഴിഞ്ഞ് അതിന്‍റെ സന്തോഷത്തില്‍ കണക്കനാരും കൂട്ടുകാരും കളിക്കുന്ന വട്ടക്കളിയെ കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്.
രാരിക്കം രാരാരോ രാരിക്കം രാരാരോ രാരിക്കം രാരാരോ രാരിക്കം രാരാരോ കണക്കനാരുണരുമ്പോള്‍ കാലെ നിങ്ങടെ കുഞ്ഞുങ്ങളെന്തു ചെയ്യും എങ്ങളുണരുമ്പോള്‍കാലേ എങ്ങടെ കുഞ്ഞുങ്ങളുമുണരും
നിങ്ങള് കഞ്ഞി കുടിക്കുമ്പോള്‍ നിങ്ങടെ കുഞ്ഞുങ്ങളെന്തു ചെയ്യും എങ്ങള് കഞ്ഞി കുടിക്കുമ്പോള്‍ എങ്ങടെ കുഞ്ഞുങ്ങളും കുടിക്കും
നിങ്ങള് വേലയെടുക്കുമ്പോള്‍ നിങ്ങടെ കുഞ്ഞുങ്ങളെന്തുചെയ്യും എങ്ങള് വേലയെടുക്കുമ്പോള്‍ എങ്ങടെ കുഞ്ഞുങ്ങളുപ്പടിക്കും
വിദ്യാഭ്യാസം താഴെത്തട്ടിലുളള കര്‍ഷകര്‍ക്ക് കിട്ടാക്കനിയായിരുന്ന കാലത്തും ഉളളിന്‍റെയുളളില്‍ പഠനമെന്ന മോഹം അവര്‍ക്കുണ്ടായിരുന്നുവെന്നാണ് ഈ വരികള്‍ സൂചിപ്പിക്കുന്നത്.
നിങ്ങള് തെങ്ങിലേറുമ്പോള്‍ നിങ്ങടെ കുഞ്ഞുങ്ങളെന്തു ചെയ്യും എങ്ങള് തെങ്ങിലേറുമ്പോള്‍ എങ്ങടെ കുഞ്ഞുങ്ങളുപടിക്കും
പ്രാചീന കാലത്ത് കണക്ക്, കൃഷിയുമായി ബന്ധപ്പെട്ട് വളർന്നു വന്ന ഒരു ശാസ്ത്ര ശാഖയായിരിക്കണം. കൃഷിയുടെ കണക്കറിയുന്നവനായിരിക്കണം '' കണക്കൻ ''. അതു കൊണ്ടായിരിക്കാം കണക്കനാർക്ക് കൃഷിയിൽ കണക്ക് പിഴക്കില്ലെന്ന ചൊല്ലുവരെയുണ്ടായത്. കൃഷിയും അതുമായി ബന്ധപ്പെട്ട സംസ്കാരവും വലിയ വെല്ലുവിളികള്‍ നേരിടുന്ന പുതിയ കാലത്ത് കണക്കനാര്‍പ്പാട്ടിലൂടെ കാര്‍ഷിക സംസ്കാരത്തിന് പ്രചാരം നല്‍കുവാനുളള ശ്രമത്തിലാണ് ഒരു കൂട്ടം കലാകാരന്‍മാര്‍ .
എഴുത്തുകാരനും അധ്യാപകനുമായ താജിഷ് ചേക്കോട് , വിജീഷ് കിഴൂര്‍ , ഒതളൂര്‍ മോഹനന്‍ , സൗമ്യ സുധീഷ് പൂലേരി എന്നിവരാണ് ഈ സംഘത്തിലുളളത്. ഇവരുടെ നേതൃത്വത്തില്‍ പുതിയ സ്ഥലങ്ങളില്‍ കണക്കനാര്‍പ്പാട്ടുകള്‍ അവതരിപ്പിക്കുകയും കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുന്നു.
