തൃശൂരിൽ നഗരം കീഴടക്കി പുലിക്കൂട്ടങ്ങൾ !

നാലാം ഓണനാളിൽ ശക്തൻ്റെ നഗരിയിൽ വന ശക്തി തെളിയിച്ചു കൊണ്ട് പുലിക്കൂട്ടങ്ങൾ ഇറങ്ങി.  നാടൻ ചെണ്ടകളുടേയും പെരുമ്പറയുടെയും രൗദ്ര താളത്തിൽ അരമണി കിലുക്കിയും കുടവയർ കുലുക്കിയും അഞ്ഞൂറോളം പുലികൾ നഗരം കാൽക്കീഴിലാക്കി.

ഒമ്പത് ടീമാണ് പുലിക്കളിയിൽ അണിനിരന്നത്. നഗരഹൃദയത്തിൽ ചുവടുവെച്ച് നീങ്ങിയ പുലികൾക്കൊപ്പം പേടിപ്പെടുത്താൻ കരിമ്പുലികളും കുട്ടിപ്പുലികളും ഇടം പിടിച്ചു. 

തിങ്കളാഴ്ച‌ വൈകിട്ട് 4.30ന് വെളിയന്നൂർ സംഘത്തിന് സ്വരാജ് റൗണ്ട് തെക്കേ ഗോപുര നടയിൽ മന്ത്രിമാരുടേയും മേയറുടേയും സാന്നിധ്യത്തിൽ ഫ്ലാഗ് ഓഫ് ചെയ്‌തു.

ഓരോ സംഘത്തിലും 35 മുതൽ 51 വരെ പുലികളുണ്ടായി. അയ്യന്തോൾ, കുട്ടൻകുളങ്ങര, സീതാറാം മിൽ ലെയ്ൻ, ചക്കാമുക്ക്, നായ്ക്കനാൽ, വിയ്യൂർ യുവജനസംഘം, ശങ്കരംകുളങ്ങര, വെളിയന്നൂർ ദേശം, പാട്ടുരായ്ക്കൽ ടീമുകളുടെ പുലികളാണ് നഗരവീഥികളെ പ്രകമ്പനം കൊള്ളിച്ചത്.

ബിനി ജങ്ഷൻ വഴി കുട്ടൻകുളങ്ങര ദേശവും കല്ല്യാൺ ജ്വല്ലേഴ്‌സിന് സമീപത്തുനിന്നും വിയ്യൂർ യുവജനസംഘവും നടുവിലാൽ ജങ്ഷൻ വഴി ശങ്കരംകുളങ്ങര ദേശവും നായ്ക്കനാൽ ജങ്ഷൻ വഴി അയ്യന്തോൾ, ചക്കാമുക്ക്, സീതാറാം മിൽ ദേശ ടീമുകളും നായ്ക്കനാൽ ജങ്ഷൻ വഴി നായ്ക്കനാൽ ദേശവും പാട്ടുരായ്ക്കൽ ദേശവും സ്വരാജ് റൗണ്ടിൽ പ്രവേശിച്ചു. നടുവിലാൽ ഗണപതിക്ക് നാളികേരമുടച്ച് പുലികൾ സ്വരാജ് റൗണ്ട് ചുറ്റി.

ഓരോ സംഘത്തിലും രണ്ട് ദീപാലംകൃതമായ നിശ്ചല ദൃശ്യവും ഒരു പുലി വണ്ടിയും ഉണ്ടായിരുന്നു. തൃശൂർ കോർപ്പറേഷൻ്റെ ലഹരി വിരുദ്ധ പ്ലോട്ടും ഇടംപിടിച്ചു. ഈ വർഷം അമ്പത് ലക്ഷം രൂപയ്ക്കാണ് പുലികളി ഇൻഷൂർ ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം