ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതിയുടെ മൂന്നാം ഘട്ടത്തോടെ പാലക്കാട് ജില്ലയിലെ സാക്ഷരരുടെ എണ്ണം 15,739 ലേക്ക് ഉയർത്താൻ ജില്ലാ സാക്ഷരതാ മിഷൻ നടപടി തുടങ്ങി. ഗുണഭോക്താക്കളെ കണ്ടെത്താനുള്ള സർവേ അവസാന ഘട്ടത്തിലാണ്. ജില്ലയുടെ വ്യത്യസ്ത പ്രദേശങ്ങളിലായി ഇതുവരെ 6,000 നിരക്ഷരരെ കണ്ടെത്തി രജിസ്ട്രേഷൻ നടത്തി. മൂന്നാം ഘട്ടത്തിൽ മാത്രം 8,000 പേരെ സാക്ഷരരാക്കാനാണ് തീരുമാനം.
നേരത്തേ രണ്ട് ഘട്ടങ്ങളിലായി 7,739 പേർ സാക്ഷരത നേടിയിരുന്നു. രണ്ടാംഘട്ടത്തിൽ അട്ടപ്പാടിയിലും പദ്ധതി നടപ്പാക്കി. അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളിലായി ആദിവാസി വിഭാഗത്തിൽ നിന്ന് 1,445 പേർ പരീക്ഷയെഴുതി. കേന്ദ്ര, സംസ്ഥാന സർക്കാരുകളാണ് പദ്ധതിക്ക് ധനസഹായം നൽകുന്നത്.
കുടുംബശ്രീയുടെ പ്രത്യേക പദ്ധതിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കിയത്, പട്ടികജാതി, പട്ടികവർഗ, ന്യൂനപക്ഷം, മറ്റ് പിന്നാക്ക വിഭാഗങ്ങളിലുള്ള നിരക്ഷരരെ സാക്ഷരരാക്കുകയാണ് ലക്ഷ്യം. ഇത്തവണ തുടർപഠനത്തിന് താൽപ്പര്യമുള്ളവരുടെ വിവരങ്ങൾ സാക്ഷരതാ പ്രേരക്മാരും കലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിലെ എൻ.എസ്.എസ് വളൻ്റിയർമാരുമാണ് സർവേ നടത്തുന്നത്.
സംസ്ഥാനം, ജില്ല, കോർപറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത്, വാർഡുകൾ എന്നിവിടങ്ങളിൽ വിവിധ സംഘാടക സമിതികൾ രൂപീകരിച്ചാണ് പ്രവർത്തനം. സംസ്ഥാന സാക്ഷരതാ മിഷൻ തയ്യാറാക്കിയ പാഠാവലി അടിസ്ഥാനമാക്കിയാണ് പഠനം. ഇതിനായി ഒരുവർഷം 120 മണിക്കൂർ ക്ലാസും നൽകുന്നുണ്ട്.
