കുന്നംകുളം പോലീസിൻ്റെ മൂന്നാം മുറ: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

കുന്നംകുളം സ്റ്റേഷനിൽ പോലീസുകാർ യൂത്ത് കോൺഗ്രസ് നേതാവിനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. രണ്ടു വർഷം മുമ്പ് നടന്ന മർദ്ദനത്തിൻ്റെ സി.സി ടി.വി ചിത്രം പുറത്തുവന്നതോടെയാണ് കമ്മീഷൻ നടപടി സ്വീകരിച്ചത്. മൂന്നാഴ്ചക്കകം വിശദമായ റിപ്പോർട്ട് നൽകാൻ പോലീസ് മേധാവിക്ക് കമ്മീഷൻ അംഗം നിർദ്ദേശം നൽകി.

യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ് സുജിത്തിനാണ് രണ്ട് വർഷം മുമ്പ് മർദ്ദനമേറ്റത്. സുജിത്ത് നടത്തിയ നിയമപോരാട്ടത്തിന് ശേഷമാണ് മർദ്ദന ദൃശ്യങ്ങൾ ലഭിച്ചത്. വഴിയരികിൽ നിന്ന സുഹൃത്തുക്കളെ പോലീസ് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് സുജിതിന് ക്രൂരമർദ്ദനമേറ്റത്. 

2023 ഏപ്രിൽ മാസം അഞ്ചാം തീയതിയാണ് സംഭവം നടന്നത്. സുജിത്തിനെ പോലീസ് ജീപ്പിൽ കയറ്റി സ്റ്റേഷനിലെത്തിച്ചു. എത്തിയതും നടയടി തുടങ്ങി. പിന്നെ മൂന്നാം മുറയും പ്രയോഗിച്ചു. ആദ്യം ഒരു മുറിയിലിട്ട് മർദ്ദിക്കുകയും പിന്നീട് മറ്റൊരു മുറിയിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. നാല് പോലീസുകാർ ചേർന്നാണ് സുജിത്തിനെ മർദ്ദിക്കുന്നത്. എസ്.ഐ നുഹ്മാൻ, സി.പി.ഒമാരായ ശശിധരൻ, സന്ദീപ്, സജീവൻ എന്നീ പോലീസുകാരാണ് സംഭവത്തിൽ ഉൾപ്പെട്ടത്.

മർദ്ദനത്തിന് പിന്നാലെ സുജിത്തിനെതിരേ മദ്യപിച്ച് പോലീസുകാരോട് തട്ടിക്കയറി കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നതടക്കമുള്ള വകുപ്പുകൾ ചേർത്ത്   ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു. എഫ്.ഐ.ആർ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. എന്നാൽ വൈദ്യ പരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ല എന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിച്ചു. 

തുടർന്ന് കോടതിയുടെ നിർദ്ദേശ പ്രകാരം നടത്തിയ വൈദ്യ പരിശോധനയിൽ പോലീസ് മർദ്ദനത്തിൽ സുജിത്തിന്റെ ചെവിക്ക് കേൾവി തകരാർ സംഭവിച്ചതായി കണ്ടെത്തി. സുജിത്ത് പോലീസ് ഉദ്യോഗസ്ഥർക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി. എന്നാൽ പോലീസ് ഈ പരാതിയിൽ കേസ് എടുക്കാനോ നടപടി സ്വീകരിക്കാനോ തയ്യാറായില്ല. തുടർന്ന് സുജിത്ത് കോടതിയെ സമീപിക്കുകയും കോടതി നേരിട്ട് കേസെടുക്കുകയുമായിരുന്നു.

സുജിത്ത് സി.സി.ടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടെങ്കിലും പോലീസ് നൽകാൻ തയ്യാറായിരുന്നില്ല. സുജിത്ത് നൽകിയ അപ്പീൽ അപേക്ഷയിൽ സംസ്ഥാന വിവരാവകാശ കമ്മീഷൻ പോലീസ് സ്റ്റേഷനിലെ CCTV ദൃശ്യങ്ങൾ നൽകാൻ ഉത്തരവിട്ടതോടെയാണ് ജനമൈത്രി പോലിസിൻ്റെ തനിരൂപം പുറത്തുവന്നത്. സംഭവത്തിൽ സ്റ്റേഷനിലെ നാല് പോലീസുകാർക്കെതിരേ കേസെടുക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുന്നംകുളം പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം