ഇങ്ങനെയും ചില മനുഷ്യരുണ്ട്

കുറ്റബോധത്തിൻ്റെ നീറ്റലുമായി ഇരുപത്തിയൊന്ന് വർഷം തള്ളിനീക്കിയ അജ്ഞാതൻ പശ്ചാത്താപ വിവശനായി തെറ്റുതിരുത്തിയ കഥ നബി തിരുമേനിയുടെ ജന്മദിനത്തിന് മാറ്റുകൂട്ടി.

ഇരുപത്തിയൊന്ന് വർഷങ്ങൾക്കു മുമ്പ് നഷ്ടമായ മൂന്നരപ്പവൻ തിരികെ ലഭിച്ചപ്പോൾ അമ്പരന്നത് തിരുവേഗപ്പുറ  പൈലിപ്പുറയിലെ വീട്ടമ്മയാണ്. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് പൈലിപ്പുറം പട്ടന്മാരുടെതൊടിയിൽ പരേതനായ അബുവിന്റെ ഭാര്യ ഖദീജയുടെ മൂന്നരപ്പവന്റെ മാല നഷ്ടപ്പെട്ടത്. അന്ന് മാല കണ്ടെത്താൻ ഏറെ നടന്നെങ്കിലും ലഭിച്ചില്ല. വർഷങ്ങൾ പിന്നിട്ടപ്പോൾ നഷ്ടപ്പെട്ട മാല വിസ്മൃതിയിലായി.

അങ്ങനെയിരിക്കെ കഴിഞ്ഞ ദിവസം ഓർക്കാപ്പുറത്ത് വന്ന ഒരു ഫോൺ കോൾ ആണ് പുതിയ വഴിത്തിരിവായത്. സമീപത്തെ കടയിൽ വീട്ടിലേക്കുള്ള ഒരു കൊറിയ‍ർ എത്തിയെന്നായിരുന്നു ഫോണിലെ സന്ദേശം.

ഖദീജയുടെ മകൻ ഇബ്രാഹിമിന്റെ നമ്പറിലേക്ക് ആയിരുന്നു ഫോൺവിളി വന്നത്.  കൊറിയർ തുറന്നപ്പോഴാണ് ഖദീജ അമ്പരപ്പും അത്ഭുതവും അനുഭവിച്ചത്. വർഷങ്ങൾക്ക് മുൻപ് നഷ്ടമായ മാലയ്ക്ക് സമാനമായ ഒരു മാലയും ഒരു കുറിപ്പും.

വർഷങ്ങൾക്ക് മുൻപ് താങ്കളുടെ പക്കൽ നിന്നും കളഞ്ഞുപോയ ഒരു സ്വ‍ർണാഭരണം അന്നെനിക്ക് ലഭിച്ചിരുന്നു. അന്നത്തെ എന്റെ പ്രത്യേക സാഹചര്യത്തിൽ അത് ഉപയോഗപ്പെടുത്തേണ്ടി വന്നു. ഇന്ന് ഞാൻ അതിന്റെ പേരിൽ വല്ലാതെ ദു:ഖിതനാണ്. ആയതിനാൽ എഴുത്തിനോട് കൂടെ അതിനോട് സമാനമായ ഒരു ആഭരണം വച്ചിട്ടുണ്ട്. ഇത് താങ്കൾ സന്തോഷത്തോടെ സ്വീകരിച്ച് പൊരുത്തപ്പെട്ട് തരണം. താങ്കളുടെ ദുആയിൽ എന്നെയും ഉൾപ്പെടുത്തണമെന്ന് വിനയത്തോടെ അഭ്യർത്ഥിക്കുന്നുവെന്നാണ് കുറിപ്പിലുണ്ടായിരുന്നത്.

പവന് വില എൺപതിനായിരത്തിനോട് അടുത്ത് എത്തുമ്പോഴാണ് വർഷങ്ങൾക്ക് മുൻപ് നഷ്ടമായ സ്വർണം അജ്ഞാതൻ തിരികെ നൽകുന്നത്. കൈപ്പിഴ തിരുത്താൻ കാണിച്ച മനസ്സിനായി പ്രാർത്ഥിക്കുകയാണ് ഖദീജയിപ്പോൾ. ലഭിച്ച ആഭരണം പരിശോധിച്ചപ്പോൾ സ്വർണമാണെന്ന് സ്ഥിരീകരിക്കാനും സാധിച്ചു. എന്തായാലും അജ്ഞാതനെ അന്വേഷിച്ച് പോകാൻ താൽപര്യമില്ലെന്നും കൈപ്പിഴ തിരുത്തിയതിന് ബഹുമാനിക്കുന്നുവെന്നുമാണ് ഖദീജയുടെ കുടുംബം പ്രതികരിക്കുന്നത്.

1 അഭിപ്രായങ്ങള്‍

  1. മനുഷ്യൻ !! ഹാ... എത്ര സുന്ദരമായ നാമം !!

    വായിച്ചപ്പോൾ ആ മനുഷ്യന് വേണ്ടി
    ഉള്ളിലൊരു പ്രാർത്ഥന കുറുകി

    മറുപടിഇല്ലാതാക്കൂ
വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം