നാഗലശ്ശേരി പഞ്ചായത്തിൽ മൂന്നാം വാർഡിൽ ഗ്രീൻ വില്ലയിൽ കൂറ്റൻ കരിങ്കൽ മതിൽ ഇടിഞ്ഞു വീണു. മുപ്പതടിയോളം ഉയരമുള്ള മതിലാണ് താഴേക്ക് നിരങ്ങി വീടിൻ്റെ ചുമരിനോട് ചേർന്ന് വീണത്. മുകളിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിൻ്റെ തറയും തകർച്ചാ ഭീഷണിയിലാണ്.
ഇന്ന് രാവിലെയാണ് കരിങ്കൽ മതിൽ തകർന്ന് വീണത്. സംഭവ സമയത്ത് താഴെയുള്ള വീട്ടിലും പരിസരത്തും ആളില്ലാത്തതിനാൽ വൻ അപകടം ഒഴിവായി. പൊതു പ്രവർത്തകൻ തട്ടത്താഴത്ത് ഹുസൈന്റെ ഉടമസ്ഥതയിലുള്ള പുതിയ വീടിൻ്റെ ചുറ്റുമതിലാണ് താഴെ പ്ലോട്ടിലുള്ള ടി.വി ഉബൈദിൻ്റെ വീടിൻ്റെ പിന്നിൽ പതിച്ചത്.
തൊട്ടടുത്തു പ്രവർത്തിക്കുന്ന ക്വാറിയിലെ പാറ പൊട്ടിക്കൽ മൂലം ഉണ്ടായ കുലുക്കത്തിലാണ് കൂറ്റൻ മതിൽ വീഴാൻ കാരണമായതെന്ന് സ്ഥല ഉടമ ഹുസൈൻ തട്ടത്താഴത്ത് ആരോപിച്ചു. ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടു കൊണ്ട് അധികൃതർക്ക് പരാതി നൽകുമെന്നും അതുകൊണ്ടും ഫലമില്ലാതെ വന്നാൽ കോടതിയെ സമീപിക്കുമെന്നും സ്ഥല ഉടമ പറഞ്ഞു.
