പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് വയോജനങ്ങൾക്കും ഭിന്നശേഷിക്കാര്‍ക്കുമായി സ്പർശം 2025 എന്ന പേരിൽ നടത്തിയ ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു.
പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡണ്ട് കെ.എ റഷീദ് അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് ഗീത മണികണ്ഠൻ വിതരണോദ്ഘാടനം നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി ഉണ്ണികൃഷ്ണൻ, മെമ്പർ പി.പ്രസന്ന, കുലുക്കല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് വി.രമണി, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ കെ.പി സുപ്രഭ, സോഷ്യൽ സെക്യൂരിറ്റി മിഷൻ ജില്ലാ കോഡിനേറ്റർ പി.മൂസ, ജോയിന്റ് ബി.ഡി.ഒ എം.കെ സാജിദ് എന്നിവർ സംസാരിച്ചു.
കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ, സാമൂഹ്യനീതി വകുപ്പ് എന്നിവയുടെ സഹകരണത്തോടെ അലിംകോ എന്ന കേന്ദ്ര ഏജൻസിയുമായി ജില്ലാ ഭരണകൂടത്തിന്റെ മേൽ നോട്ടത്തിൽ ജൂലായിൽ ആയിരുന്നു ക്യാമ്പ്. 300 ലേറെ പേർ ക്യാമ്പിൽ പങ്കെടുത്തിരുന്നു. 83 വയോജനങ്ങൾക്കാണ് ഉപകരണ വിതരണം നടന്നത്.
ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും വിവിധ ഉപകരണങ്ങൾ അനുവദിച്ചിട്ടുണ്ട്. ബാക്കിയുള്ളവർക്കുള്ള ഉപകരണം വിതരണം വരും ദിവസങ്ങളിൽ നടക്കും.
