ജൽജീവൻ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കാനായി റോഡ് വെട്ടിക്കീറിയിട്ട് ഒരു വർഷമായെങ്കിലും നാളിതു വരെയായി അധികൃതർ റോഡ് ഗതാഗത യോഗ്യമാക്കാത്ത സാഹചര്യത്തിലാണ് അഭിഭാഷകനും യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടുമായ ഞാങ്ങാട്ടിരി തെക്കുംകര ടി.എം നഹാസ് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയത്.
പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, ജൽ ജീവൻ മിഷൻ ഡയറക്ടർ, വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയർ, വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എഞ്ചിനീയർ, കോൺട്രാക്ടർ മുഹമ്മദ് അലി എന്നിവരെ കക്ഷി ചേർത്ത് നൽകിയ കേസിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി രണ്ട് ആഴ്ചക്കകം റോഡ് സഞ്ചാര യോഗ്യമാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്.
തൃത്താല ഗ്രാമ പഞ്ചായത്തിലൂടെ മാത്രം കടന്നുപോകുന്ന മുടവനൂർ പിറപ്പ് -മാട്ടായ -വട്ടൊള്ളി ലിങ്ക് റോഡുകളുടെ പുനരുദ്ധാരണം സമയബന്ധിതമായി പൂർത്തീകരിക്കാത്ത കാരണത്താൽ കാൽ നടയാത്രക്കാരുടെ കാര്യം പരിതാപകരമായി തുടരുകയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.
വാട്ടർ അതോറിറ്റിയും PWD വകുപ്പും, പദ്ധതിക്ക് നേതൃത്വം കൊടുത്ത് ഏകോപിപ്പിക്കുന്ന തൃത്താല പഞ്ചായത്ത് ഭരണ സമിതിയും പദ്ധതി കോൺട്രാക്ടറും യഥാസമയം വർക്ക് പൂർത്തിയാക്കാനായി കാലതാമസം എടുക്കുന്നത് ചോദ്യം ചെയ്താണ് അഡ്വ. ടി.എം.നഹാസ് ഹർജി ഫയൽ ചെയ്തത്. ഹർജിയിൽ അഡ്വ.പി.യു. വിനോദ്‌കുമാർ ദേവാങ്കണം, അഡ്വ.ടി.എം മുഹമ്മദ് മുഷ്താഖ് എന്നിവരും ഹാജരായി.
