കണ്ണൂർ പുതിയങ്ങാടി മൊട്ടാമ്പ്രത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സമീപത്തെ എച്ച്.ടി ലൈനിൽ നിന്ന് ഷോക്കേറ്റ് താഴേക്ക് വീണ് യുവാവ് മരിച്ചു.
പാലക്കാട് കിഴക്കഞ്ചേരി മൂലങ്കോട് സ്വദേശി അനീഷ് മോൻ (36) ആണ് മരിച്ചത്. ഷോക്കേറ്റ് നിലത്ത് വീണ അനീഷിനെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കെട്ടിടത്തിന്റെ എ.സി.പി പ്രവൃത്തി നടത്തുന്ന കരാർ കമ്പനി ജീവനക്കാരനാണ്. എ.സി.പി ഷീറ്റുകൾ സ്ഥാപിക്കുന്നതിന്റെ മുന്നോടിയായി കെട്ടിടത്തിന് ചുറ്റുമായി സ്ഥാപിക്കുന്ന സ്റ്റാൻഡുകളുടെ നിർമ്മാണ പ്രവർത്തിക്കിടെ ഇരുമ്പ് പൈപ്പ് എച്ച്.ടി ലൈനിൽ തട്ടിയാണ് അപകടം.
കിഴക്കഞ്ചേരി മൂലങ്കോട് സ്വദേശികളായ കുട്ടായി- കമലം ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ആശ, നിഷ.
മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് സ്വദേശമായ കിഴക്കഞ്ചേരി മൂലങ്കോടിലേക്ക് കൊണ്ടുപോകും.
