വല്ലപ്പുഴ റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണോദ്ഘാടനം നടന്നു.

വല്ലപ്പുഴ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനിൽ നിര്‍വ്വഹിച്ചു.  144 റെയില്‍വേ മേല്‍പ്പാലങ്ങളാണ് സര്‍ക്കാര്‍ നിര്‍മ്മിക്കുന്നത്. പശ്ചാത്തല വികസന മേഖലയുടെ ഹബ്ബായി കേരളം മാറും. അടിസ്ഥാന സൗകര്യ വികസന രംഗത്തും അത്ഭുതകരമായ മാറ്റങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. റോഡ് വികസനത്തിനായി 35,000 കോടി രൂപ ചെലവഴിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

പട്ടാമ്പി മുതല്‍ വല്ലപ്പുഴ വരെ  റോഡിന്റെ നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

സംസ്ഥാന സര്‍ക്കാര്‍ കിബ്ഫി പദ്ധതിയിലുള്‍പ്പെടുത്തി 27.09 കോടി രൂപ വിനിയോഗിച്ചാണ് വല്ലപ്പുഴ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കുന്നത്.

റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. മേല്‍പ്പാലം നിര്‍മ്മാണത്തിന് ആവശ്യമായ മുഴുവന്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളും പൂര്‍ത്തിയാക്കി. 23.28 കോടി രൂപ ചെലവില്‍ 7.20 ആര്‍ ഭൂമിയാണ്  സ്വകാര്യ വ്യക്തികളില്‍ നിന്നും ഏറ്റെടുത്തത്.

മേല്‍പ്പാലം യഥാര്‍ത്ഥ്യമാകുന്നതോടെ പട്ടാമ്പി- ചെർപ്പുളശ്ശേരി റോഡില്‍ ഉണ്ടാകുന്ന യാത്രാദുരിതത്തിന് ശാശ്വത പരിഹാരമാകും.

രണ്ട് വരി ഗതാഗതത്തിന് ഉതകുന്ന രീതിയില്‍ അപ്രോച്ച് റോഡ് ഉള്‍പ്പെടെ 416.59 മീറ്റര്‍ നീളത്തിലാണ് റോഡ് നിര്‍മ്മാണം. കൂടാതെ 10.20 മീറ്റര്‍ വീതിയിലാണ് നടപ്പാത. മേല്‍പ്പാലത്തിന് പുറമെ ഇരുവശത്തും ഓടയോട് കൂടിയ സര്‍വ്വീസ് റോഡും ഉണ്ടാവും.

സംസ്ഥാന സര്‍ക്കാരിന്റെ ശബരിമല പാക്കേജില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച ആറ് കോടി രൂപ വിനിയോഗിച്ചാണ് ബി.സി ഓവര്‍ലേ നവീകരണം നടത്തുന്നത്. 8.4കി മീ ദൂരം 7.5 മീറ്റര്‍ വീതിയിലാണ് ബി.സി ഓവര്‍ലേ പ്രവൃത്തി ചെയ്ത് നവീകരിക്കുന്നത്. റോഡിലെ വെളളക്കെട്ട് ഒഴിവാക്കുന്നതിനായി ഡ്രൈനേജ് പ്രവൃത്തികളും കള്‍വര്‍ട്ട് പ്രവൃത്തികളും റോഡ് സുരക്ഷക്കായുളള ക്രമീകരണങ്ങളും പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വല്ലപ്പുഴയിൽ നടന്ന പരിപാടിയില്‍ മുഹമ്മദ് മുഹസിന്‍ എം.എല്‍. അധ്യക്ഷനായി. പി.മമ്മിക്കുട്ടി എം.എല്‍.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ അബ്ദുള്‍ ലത്തീഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സത്യഭാമ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം