സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിന്റെ പാചകപ്പുര സജീവമായി. പഴയിടം മോഹനൻ നമ്പൂതിരിയുടെ മകൻ യദുവിനാണ് ഊട്ടുപുരയുടെ നേതൃത്വം. ഗവ.വിക്ടോറിയ കോളേജിലെ പ്രധാന ഭക്ഷണശാല ഇന്ന് (വെള്ളിയാഴ്ച) രാവിലെ ഏഴുമണി മുതൽ സജീവമായി.
ഭക്ഷണ കമ്മിറ്റി ചെയർമാൻ പി.മമ്മിക്കുട്ടി എം.എൽ.എ സ്റ്റൗവിൽ തീ പകർന്ന് പാചകപ്പുരയിലെ പ്രവൃത്തികൾക്ക് തുടക്കം കുറിച്ചു. കൺവീനർ എം.കെ നൗഷാദലി, എ.ഡി.പി.ഐ സി.സന്തോഷ്, എം.എ അരുൺകുമാർ, എം.ആർ മഹേഷ് കുമാർ, എ.എം അജിത്, കെ.അജില, വിപിൻ, മനേഷ്, എം.ജെ ശ്രീനി, ബി.സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
ഒരേസമയം ഇവിടെ 1000പേർക്ക് ഇരിക്കാം. ഇന്ന് ദോശയും സാമ്പാറും ചട്ണിയുമാണ് പ്രാതൽ. ശനിയാഴ്‌ച ഇഡലി, ഞായറാഴച പുട്ട്, കടല, തിങ്കളാഴ്‌ച ഉപ്പുമാവ് എന്നിവയും വിളമ്പും.
സാമ്പാർ, പുളിശേരി, തോരൻ, കൂട്ടുകറി തുടങ്ങി വിഭവസമൃദ്ധമായ സദ്യയാണ് ഉച്ചയ്ക്ക്. അവസാന ദിവസമായ തിങ്കളാഴ്‌ച പച്ചക്കറി ബിരിയാണിയാണ്.
ഓരോ ദിവസവും പാൽപ്പായസം, ഗോതമ്പ് പായസം എന്നിവയുമുണ്ട്. എല്ലാ ദിവസവും വൈകിട്ട് നാലിന് ചായ, കാപ്പി, കിണ്ണത്തപ്പം, വട്ടേപ്പം, ഉഴുന്നുവട, പരിപ്പുവട തുടങ്ങിയ പലഹാരങ്ങളും നൽകും. രാത്രി ചപ്പാത്തിയും കുറുമയുമാണ്. ഒരു ദിവസം 8000 പേർക്കുള്ള ഭക്ഷണമാണ് ഒരുക്കുക.
