സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ സ്കിൽ ആൻഡ് കരിയർ ഫെസ്റ്റിൽ ഇ- വേസ്റ്റിൽ നിന്നും നിർമ്മിച്ച വൈദ്യുതി ഉപകരണങ്ങളുമായാണ് അടിമാലി എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ ബിച്ചു സാജു, ആദിനാദ് നിരോഷൻ എന്നിവർ പങ്കെടുക്കാനെത്തിയത്.
ഉപയോഗശൂന്യമായ റഫ്രിജറേറ്റർ, ഫാൻ മറ്റു ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവയിൽ നിന്നും അസംസ്കൃത വസ്തുക്കൾ വേർതിരിച്ച് നിർമ്മിച്ച പാഡ് ഇൻസിനറേറ്റർ, സോളാർ ഡ്രയർ, ട്രാൻസ്ഫോമർ എന്നിവയും എൽ.ഇ.ഡി സ്ക്രോളിങ് ബോർഡുകളും ആണ് മേളയിൽ ഇവർ അവതരിപ്പിച്ചത്.
എൻ.എസ്.എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ പ്രദർശിപ്പിക്കുന്നതിനായി എൽ.ഇ.ഡി സ്ക്രോളിങ് ബോർഡുകൾ നിർമ്മിച്ച് പ്രസിദ്ധി നേടാൻ സ്കൂളിലെ വിദ്യാർഥികൾക്ക് സാധിച്ചിട്ടുണ്ട്. മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി പരിസ്ഥിതി സുസ്ഥിര പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ചതിന് ഇതിനോടകം തന്നെ ഇടുക്കി ജില്ലാ കളക്ടറുടെ പ്രശംസാ പത്രവും ഇവർ നേടിയിട്ടുണ്ട്.
