ഓങ്ങല്ലൂർ സെൻ്ററിൽ പറശ്ശിനി ദേവൻ എന്നൊരു ഓട്ടോ ഓടിയിരുന്നു. ഓട്ടോ ഡ്രൈവർ ഒരു നോവലിസ്റ്റായിരുന്നു. യാത്രക്കാരിൽ മിക്കവർക്കും അതറിയില്ലായിരുന്നു. ആ എഴുത്തുകാരനായ ഓട്ടോ ഡ്രൈവർ മുരളി പുലാശ്ശേരിക്കര (61) ഓട്ടമില്ലാത്ത ലോകത്തേക്ക് ഇന്നലെ യാത്രയായി.
ഓങ്ങല്ലൂർ പഞ്ചായത്തിലെ മരുതൂർ പുലാശ്ശേരിക്കര തെക്കേതിൽ വീട്ടിൽ മുരളി എന്ന മുരളി പുലാശ്ശേരിക്കരയാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. കരൾ രോഗത്തെ തുടർന്ന് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കൊടുമുണ്ടയിലെ വീട്ടിൽ പൊതുദർശനത്തിനു ശേഷം ഷൊർണൂർ ശാന്തി തീരത്ത് സംസ്കരിച്ചു.
2017 മുതൽ ഓങ്ങല്ലൂർ സെൻ്ററിൽ മുരളി ഓട്ടോറിക്ഷ ഓടിക്കുന്നുണ്ട്. ചെറുപ്പം മുതലുള്ള വായനയാണ് മുരളിയെ എഴുത്തിലേക്ക് എത്തിച്ചത്. അമ്പത് വയസ് പിന്നിട്ട ശേഷമാണ് മുരളി എഴുതാൻ തുടങ്ങിയത്. 2018ൽ പടവുകൾ കയറുന്ന പെൺ ജീവിതങ്ങൾ എന്ന നോവൽ പുറത്തിറക്കി. പിന്നീട് വള്ളുവനാടൻ കഥകൾ എന്ന കഥാ സമാഹാരവും പുറത്തിറക്കി.
ഇതിന് പുറമെ 150 ഓളം ഗാനങ്ങളും മൂന്ന് നോവലുകളും എഴുതിയിട്ടുണ്ട്. മുരളിയുടെ രണ്ട് പുസ്തകങ്ങളും പുറത്തിറക്കിയത് സുഹൃത്തുക്കളാണ്. അമ്മാവൻ കൊടുമുണ്ടയിലെ റിട്ട.അധ്യാപകൻ വി.ടി നാരായണനാണ് വായനക്ക് പ്രേരണ നൽകിയത്.
നോവലിനും, കഥയ്ക്കും ഒപ്പം പാട്ടെഴുത്തും മുരളിയ്ക്ക് ഹരമായിരുന്നു. മുരളിയുടെ സുഹ്യത്തായ ഓങ്ങല്ലൂർ മോഹൻദാസുമായി ചേർന്നാണ് കൂടുതൽ പാട്ടുകളും ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഞായറാഴ്ചകളിലും ഒഴിവ് ദിവസങ്ങളിലുമാണ് പാട്ട് ചിട്ടപ്പെടുത്തൽ. 20 വർഷത്തിലേറെയായി പട്ടാമ്പിയിൽ വിവിധ ജോലികൾ ചെയ്തതിനാൽ പച്ചയായ അനുഭവങ്ങളും ഏറെയായിരുന്നു.
ഇടതുപക്ഷ സഹയാത്രികനായ മുരളി മുമ്പ് പ്രശസ്ത നാടക പ്രവർത്തകരായ ഗംഗാധരൻ, പാണി, മണികണ്ഠൻ പട്ടാമ്പി, വിജുവർമ എന്നിവർക്കൊപ്പം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരുവ് നാടകങ്ങളിലും മറ്റും അഭിനയിച്ചിട്ടുണ്ട്.
സി.പി.ഐ.എം പുലാശ്ശേരിക്കര സ്കൂൾ ബ്രാഞ്ച് അംഗവും ഓട്ടോ - ടാക്സി -ടെമ്പോ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) അംഗവുമായിരുന്നു.
ഭാര്യ: പുഷ്‌പലത. മകൾ: ചിത്രാഞ്ജലി.
