ശബരിമല ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എൻ.വാസു റിമാൻ്റിൽ!

ശബരിമല ദ്വാരപാലക ശില്പ പാളിയിലെയും കട്ടിളപ്പടിയിലെയും സ്വർണം കവർന്ന കേസിൽ ബോർഡ് മുൻ പ്രസിഡൻ്റും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ.വാസു റിമാൻഡിൽ.

ശബരിമലയിൽ സ്വർണം നഷ്ടപ്പെട്ട കേസില്‍ ദേവസ്വം മുൻ കമ്മീഷണർ എന്‍.വാസുവിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറസ്റ്റ് ചെയ്തു.  ഇന്ന് വൈകിട്ടാണ് എൻ.വാസുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

കേസിൽ മൂന്നാം പ്രതിയാണ് വാസു. കമ്മീഷണറായിരുന്ന കാലയളവിൽ ശബരിമല സന്നിധാനത്തെ സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. സ്വർണം പൂശലുമായി ബന്ധപ്പെട്ട് സ്‌പോണ്‍സറുടെ കൈവശം ബാക്കി സ്വർണം ഉണ്ടെന്നറിഞ്ഞിട്ടും വാസു നടപടിയെടുത്തില്ലെന്നാണ് ആരോപണം.

പത്തനംതിട്ട ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വാസുവിനെ റിമാൻഡ് ചെയ്തത്. 14 ദിവസമാണ് റിമാൻഡ് കാലാവധി. വാസുവിനെ കൊട്ടാരക്കര സബ് ജയിലിലേക്കയച്ചു.

അഞ്ച് പേരാണ് ഇതുവരെ കേസിൽ അറസ്റ്റിലായത്. നേരത്തെ കേസിൽ പ്രത്യേക അന്വേഷക സംഘം എൻ.വാസുവിൻ്റെ മൊഴിയെടുത്തിരുന്നു. സ്വർണം പൂശാനുള്ള ശുപാർശയുള്ള എക്സിക്യുട്ടീവ് ഓഫീസറുടെ കത്ത് ബോർഡിന് കൈമാറുക മാത്രമാണ് ചെയ്‌തതെന്നാണ് എൻ. വാസു മൊഴി നൽകിയത്. കട്ടിളപ്പാളികൾ കൊണ്ടുപോവുമ്പോൾ താൻ കമ്മീഷണറായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം