തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന യോഗങ്ങൾക്കും റാലികൾക്കും പൊലീസിൽ നിന്നും വരണാധികാരിയിൽ നിന്നും മുൻകൂർ അനുമതി നേടണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കലക്ടർ എം.എസ് മാധവിക്കുട്ടി അറിയിച്ചു.
കലക്ടറുടെ ചേംബറിൽ ചേർന്ന രാഷ്ട്രീയ പാർടി പ്രതിനിധികളുടെ യോഗത്തിലാണ് നിർദേശം. മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണം. ആരാധനാലയങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത്. വ്യക്തിപരമായ ആക്ഷേപങ്ങൾ, വിദ്വേഷ പ്രസംഗം, സ്ഥിരീകരിക്കാത്ത ആരോപണങ്ങൾ എന്നിവ പാടില്ല.
സർക്കാർ സംവിധാനങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കരുത്. രാത്രി പത്തുമുതൽ രാവിലെ ആറുവരെ ലൗഡ് സ്‌പീക്കറുകൾ പ്രവർത്തിപ്പിക്കരുത്. വോട്ടെടുപ്പിന് 48 മണിക്കൂർ മുമ്പ് പ്രചാരണം അവസാനിപ്പിക്കണം. വോട്ടെടുപ്പ് ദിവസം അതത് പാർടികളുടെ ബൂത്തുകൾ നഗരസഭാ പരിധിയിലെ പോളിങ് സ്റ്റേഷനിൽ നിന്ന് 100 മീറ്ററും പഞ്ചായത്ത് പരിധിയിൽ 200 മീറ്ററിനും അകലെയായിരിക്കണം.
ഏജന്റുമാരുടെ ബാഡ്‌ജിൽ പാർടിയുടെ പേരും ചിഹ്നവും രേഖപ്പെടുത്തരുത്. വോട്ടർമാർക്ക് വാഹനം നൽകുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പൂർണമായും ഹരിത ചട്ടം പാലിച്ചായിരിക്കുമെന്നും കലക്ടർ അറിയിച്ചു.
യോഗത്തിൽ മാതൃകാ പെരുമാറ്റച്ചട്ടം നോഡൽ ഓഫീസർ ജോസഫ് സ്റ്റീഫൻ റോബി, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ എസ്.സജീദ്, ജില്ലാ ഇലക്ഷൻ അസിസ്റ്റന്റ് പി.എ ടോംസ് എന്നിവർ പങ്കെടുത്തു.
