തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പൂര്‍ണ്ണമായ സുതാര്യത ഉറപ്പാക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍. സ്വതന്ത്രവും നീതിപൂര്‍വ്വവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ കര്‍ശന നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുള്ള പൊതുനിരീക്ഷകര്‍ കമ്മീഷന്റെ കണ്ണും കാതുമായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. കമ്മീഷണറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുനിരീക്ഷകരുടെ ആദ്യ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം മുതല്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നത് വരെയാണ് നിരീക്ഷകരുടെ പ്രവര്‍ത്തനം. ഈ കാലയളവില്‍ ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണമാണ് ഇവര്‍ മുഖ്യമായും നിര്‍വഹിക്കേണ്ടത്.
എല്ലാ പോളിങ് കേന്ദ്രങ്ങളിലും മതിയായ മിനിമം സൗകര്യമുണ്ടെന്ന് ഉറപ്പാക്കാനും, മുന്‍കാല സംഭവങ്ങളുടെയും ക്രമസമാധാന റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ പ്രശ്നബാധിത പോളിങ് സ്റ്റേഷനുകളില്‍ ആവശ്യമായ പ്രത്യേക സുരക്ഷാ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
വനമേഖലകള്‍, എത്തിപ്പെടാന്‍ പ്രയാസമുള്ള പ്രദേശങ്ങള്‍, നക്സല്‍ പ്രവര്‍ത്തനമുള്ള സ്ഥലങ്ങള്‍, സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങള്‍, അനധികൃതമായ മദ്യം, പണം, ലഹരി വസ്തുക്കള്‍ എന്നിവയുടെ നീക്കം തുടങ്ങിയ വിഷയങ്ങള്‍ കൃത്യമായി ശ്രദ്ധിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കുന്നുണ്ടെന്നും, ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡ് നടപടിയെടുക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം എല്ലാ നിരീക്ഷകരും വിശദമായ റിപ്പോര്‍ട്ട് കമ്മീഷന് സമര്‍പ്പിക്കണം.
