പ്രത്യേക അന്വേഷണ സംഘമാണ് ഇന്ന് പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഫ്ലാറ്റിൽ നാല് മണിക്കൂർ നേരം പരിശോധന നടത്തിയത്. യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സി.സി.ടി.വികൾ പരിശോധിച്ചപ്പോഴാണ് സി.സി.ടി.വി ഡി.വി.ആറിൻ്റെ ബാക്ക് അപ്പ് കുറവായിരുന്നു എന്ന് ബോധ്യമായത്. അതിനാൽ അതിജീവിതയുടെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചില്ലെന്നാണ് പറയുന്നത്.
ഫ്ലാറ്റിൽ ഉള്ളത് ഒരു മാസത്തെ സി.സി.ടി.വി ബാക്ക് അപ്പാണ്. അതിജീവിത രാഹുലിന്റെ ഫ്ലാറ്റ് സന്ദർശിച്ചുവെന്ന് പറയപ്പെടുന്ന ദിവസത്തേയും പിറ്റേ ദിവസത്തെയും ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭ്യമാകാതിരുന്നത്. ദൃശ്യങ്ങൾ കണ്ടുകെട്ടാൻ കഴിയാത്തതിൽ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. നാളെ അന്വേഷണ സംഘം വീണ്ടും ഫ്ലാറ്റിൽ എത്തി കെയർ ടേക്കറിൽ നിന്ന് വിവരങ്ങൾ തേടും.
രാഹുൽ അവസാനം ഫ്ലാറ്റിൽ എത്തിയത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. രാഹുലിൻ്റെ പേഴ്‌സണൽ സ്റ്റാഫ് അംഗം ഫസലിനെയും ഡ്രൈവറേയും ഇന്ന് ചോദ്യം ചെയ്‌തു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വീണ്ടും പരിശോധന നടത്താനാണ് എസ്.ഐ.ടിയുടെ തീരുമാനം.
പാലക്കാട് പൊലീസും പ്രത്യേക അന്വേഷണ സംഘവും 12മണിയോടെയാണ് പരിശോധന ആരംഭിച്ചത്. രാവിലെ ഫ്ലാറ്റിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കി ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയ അന്വേഷണ സംഘം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഇതിനുശേഷം വീണ്ടും സ്വകാര്യ വാഹനത്തിൽ അഞ്ചംഗ സംഘം ഫ്ലാറ്റിലെത്തി.
പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ വേഗത്തിൽ അറസ്റ്റ് ചെയ്യാൻ ഡി.ജി.പി എച്ച്. വെങ്കിടേഷിന്റെ നിർദ്ദേശമുണ്ടായിരുന്നു. രാഹുലിൻ്റെ ഫ്ലാറ്റിൽ നിന്ന് ഫോണുകളൊന്നും കണ്ടെത്താൻ അന്വേഷണ സംഘത്തിനായിട്ടില്ല. രാഹുൽ പോയത് ഏത് വഴിയെന്ന് കണ്ടെത്താൻ പാലക്കാട് പൊലീസ് പരിശോധന നടന്നു വരികയാണ്.
വ്യാഴാഴ്ച വൈകീട്ട് കണ്ണാടിയിൽ നിന്നും മുങ്ങിയതു മുതലുള്ള ദുശ്യങ്ങൾ ആണ് പരിശോധിക്കുന്നത്. എസ്.ഐ.ടിയുടെ ആവശ്യ പ്രകാരം സ്പെഷ്യൽ ബ്രാഞ്ച് ആണ് പരിശോധന നടത്തുന്നത്. ബന്ധുക്കളിൽ ചിലരെയും ചോദ്യം ചെയ്യാനും അന്വേഷണം സംഘം തീരുമാനിച്ചിട്ടുണ്ട്. കോയമ്പത്തൂരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ഇതിനിടെ, സോഷ്യൽ മീഡിയയിൽ രാഹുൽ അനുകൂലികൾ നടത്തുന്ന സൈബർ ആക്രമണത്തിനെതിരെ യുവതി പൊലീസിൽ പരാതി നൽകി. സൈബർ ആക്രമണത്തിനെതിരെ നടപടി കടുപ്പിക്കാൻ പൊലീസ് നീക്കം തുടങ്ങി. ഇതിൻ്റെ ഭാഗമായി രാഹുൽ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തു. സന്ദീപ് വാര്യർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്തു.
