അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന വടകര ഡി.വൈ.എസ്.പി എ.ഉമേഷിനെ സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തു.

ചെർപ്പുളശ്ശേരി എസ്.എച്ച്.ഒ ആയിരുന്ന ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പിലാണ് ഡി.വൈ.എസ്.പി ഉമേഷിനെതിരെ ആദ്യമായി വെളിപ്പെടുത്തൽ വന്നത്. കുറിപ്പിൽ പരാമർശിക്കപ്പെട്ട ഇരയായ സ്ത്രീ പാലക്കാട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിക്ക് കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നു.

ഡി.വൈ.എസ്‌.പി ഉമേഷ് തന്നെ പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് സ്ത്രീ നൽകിയ മൊഴി. തനിക്കൊപ്പം പിടിയിലായവരിൽ നിന്ന് കൈക്കൂലി വാങ്ങിയതായും യുവതി പറഞ്ഞു. ഡി.വൈ.എസ്‌.പിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുക്കാൻ സാധ്യതയുണ്ട്. ഇതിനിടെയാണ് സസ്പെൻഡ് ചെയ്ത് ഉത്തരവിറങ്ങിയത്.

സംഭവത്തിൽ അന്വേഷണം തുടങ്ങിയതിന് പിന്നാലെ ഉമേഷ് മെഡിക്കൽ അവധിയിൽ പ്രവേശിച്ചിരുന്നു. സംഭവത്തിൽ പാലക്കാട് ജില്ലാ പൊലീസ് മേധാവി സംസ്ഥാന പൊലീസ് മേധാവിക്ക് വിശദറിപ്പോർട്ട് കൈമാറിയിരുന്നു.

2014ൽ ചെർപ്പുളശ്ശേരിയിൽ അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെയാണ് ഡി.വൈ.എസ്.പി പീഡിപ്പിച്ചത്. അറസ്റ്റ് ചെയ്‌ത അന്നു തന്നെ അവരെ സ്റ്റേഷനിൽ എത്തിച്ചിരുന്നെങ്കിലും പിന്നീട് പറഞ്ഞുവിട്ടു. 

അന്നേ ദിവസം രാത്രി ബിനു തോമസിനെ ഭീഷണിപ്പെടുത്തി ഡി.വൈ.എസ്.പി ഒപ്പം കൂട്ടി സ്ത്രീയുടെ വീട്ടിലെത്തി. അതിനുശേഷം ഇക്കാര്യം പറഞ്ഞ് തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുമായിരുന്നുവെന്ന് ബിനു തോമസ് ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു.

പാലക്കാട് ജില്ലയിൽ സർക്കിൾ ഇൻസ്പെക്ടറായിരുന്ന ഉമേഷ്, അറസ്റ്റിലായ യുവതിയെ കേസിൽ നിന്ന് ഒഴിവാക്കാനെന്ന് വാഗ്ദാനം നൽകി പല തവണ പീഡിപ്പിച്ചതായാണ് ആത്മഹത്യക്കുറിപ്പിൽ പറഞ്ഞത്. ആ ഉദ്യോഗസ്ഥനെ കാറിൽ യുവതിയുടെ വീട്ടിലെത്തിച്ചത് കീഴ് ഉദ്യോഗസ്ഥനായിരുന്ന താനായിരുന്നെന്നും ബിനുവിന്റെ ആത്മഹത്യക്കുറിപ്പിലുണ്ട്. സംഭവം പുറത്തുവരാതിരിക്കാൻ ഭീഷണിയും ഉപദ്രവവുമുണ്ടായെന്നാണ് ആരോപണം.

2014ൽ പാലക്കാട്ട് സർവിസിലിരിക്കെ നടന്ന കാര്യങ്ങളാണ് ഈ മാസം 15ന് ക്വാർട്ടേഴ്സിൽ ആത്മഹത്യചെയ്‌ത ബിനു തോമസിന്റെ കുറിപ്പിലുള്ളത്. ആത്മഹത്യക്കുറിപ്പ് പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു.

ആരോപണങ്ങൾ ശരിവെക്കുന്നതാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. വടക്കഞ്ചേരി സി.ഐയായിരുന്നപ്പോൾ അനാശാസ്യ കേസിൽ കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ച്, കേസെടുക്കാതെ ഉമേഷ് വിട്ടയക്കുകയായിരുന്നു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നും റിപ്പോർട്ടിൽ പറയുന്നു. ഡി.വൈ.എസ്.പിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പാലക്കാട് എസ്.പി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം