ചാലിശ്ശേരി സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ 160-മത് ശിലാസ്ഥാപന പെരുന്നാൾ കൊടിയേറി. നവംബർ 20, 21 വ്യാഴം, വെള്ളി ദിവസങ്ങളിലാണ് പെരുന്നാൾ ആഘോഷിക്കുന്നത്.
പെരുന്നാളിന് മുന്നോടിയായി ഞായറാഴ്ച കുർബ്ബാനക്ക് ശേഷം പള്ളിയിൽ പെരുന്നാൾ കൊടിയേറ്റം നടന്നു. തുടർന്ന് വിവിധ പ്രാദേശിക ആഘോഷ കമ്മിറ്റികളിലും കൊടിയേറ്റം നടന്നു.
ഇതിനു പുറമെ ചാലിശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ എൻ. ജ്യോതി പ്രകാശിൻ്റെ നേതൃത്വത്തിൽ സുരക്ഷാ യോഗവും നടന്നു.
പള്ളി ഭാരവാഹികൾ കൂറ്റനാട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
എ.ഡി 1865ൽ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസന പ്രതിനിധിയായ പരിശുദ്ധ യൂയാക്കിം മോർ കൂറിലോസ് ബാവയാണ് മോർ പത്രോസ്, മോർ പൗലോസ് ശ്ലീഹമാരുടെ നാമധേയത്തിൽ പള്ളി സ്ഥാപിച്ചത്.
ചാലിശ്ശേരി അങ്ങാടിക്ക് ചുറ്റും ഒമ്പതോളം പ്രാദേശിക കമ്മിറ്റികളാണ് പെരുന്നാളിൽ പങ്കെടുക്കുന്നത്. പെരുന്നാളിൻ്റെ ഭാഗമായി പള്ളിയിൽ ഒരുക്കുന്ന വൈദ്യുത ദീപാലങ്കാരം 19ന് ബുധനാഴ്ച സന്ധ്യാ പ്രാർത്ഥനക്ക് ശേഷം സ്വിച്ച് ഓൺ ചെയ്യും.
20ന് വ്യാഴാഴ്ച വൈകീട്ട് 6.15ന് സന്ധ്യാ പ്രാർത്ഥനക്ക് ജെക്കബ് ചാലിശ്ശേരി കോർ എപ്പിസ്കോപ്പ മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് പൊൻ- വെള്ളി കുരിശുകളുടെ അകമ്പടിയോടെ അങ്ങാടിച്ചുറ്റിയുള്ള പെരുന്നാൾ പ്രദക്ഷിണം, ആശീർവാദം എന്നിവ ഉണ്ടാകും.
രാത്രി 9ന് തലയെടുപ്പുള്ള ഗജവീരന്മാരുടെ അകമ്പടിയോടെ കേരളത്തിലെ പേരുകേട്ട വാദ്യ-കലാകാരന്മാരെ അണിനിരത്തി പ്രാദേശിക പെരുന്നാൾ ആഘോഷങ്ങൾ അരങ്ങേറും. പിറ്റേന്ന് പുലർച്ച പള്ളിയിൽ ആഘോഷം സമാപിക്കും.
21ന് വെള്ളിയാഴ്ച രാവിലെ 7.30ന് പ്രഭാത പ്രാർത്ഥനക്ക് ശേഷം 8.30ന് വിശുദ്ധ കുർബ്ബാനക്ക് ഫാ.ബാബു ചാത്തനാട്ട് രാജകുമാരി മുഖ്യകാർമ്മികത്വം വഹിക്കും. പെരുന്നാൾ സന്ദേശവും നടക്കും. ഉച്ചക്ക് 12.30ന് പെരുന്നാൾ ആരംഭിച്ച് വൈകീട്ട് അഞ്ചിന് പള്ളിയിൽ സമാപിക്കും. തുടർന്ന് പ്രദക്ഷിണം, ആശീർവാദം, പൊതുസദ്യയോടെ പെരുന്നാൾ സമാപിക്കും.
പെരുന്നാളിൻ്റെ സുരക്ഷ പരിഗണിച്ച് അഞ്ച് ദിവസത്തേക്ക് ഒരു കോടി 95 ലക്ഷം രൂപക്ക് ഏഴ് കിലോമീറ്റർ ചുറ്റളവിൽ ഇൻഷൂറൻസ് പരിരക്ഷ ഏർപ്പെടുത്തിയതായി വാർത്താ സമ്മേളനത്തിൽ വികാരി ഫാ.ബിജു മുങ്ങാംകുന്നേൽ, ട്രസ്റ്റി സി.യു ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവർ അറിയിച്ചു.
