കണ്ണൂര്‍ പാലത്തായി പോക്‌സോ കേസില്‍ കോടതി ശിക്ഷിച്ച അധ്യാപകനെ സര്‍വീസില്‍ നിന്ന് നീക്കാന്‍ വിദ്യാഭ്യാസ വകുപ്പ്.

പോക്സോ കേസിലെ പ്രതിയായ അധ്യാപകൻ കെ.പത്മരാജനെ സേവനത്തില്‍ നിന്ന് നീക്കുന്നതിനായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍, കണ്ണൂര്‍ ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടറെ ചുമതലപ്പെടുത്തി. വിഷയത്തില്‍ മാനേജര്‍ സ്വീകരിച്ച നടപടി അടിയന്തരമായി വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കണം. കേരള സ്‌കൂള്‍ വിദ്യാഭ്യാസ ചട്ടം, അധ്യായം XIV- A, ചട്ടം 77-A പ്രകാരം നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദ്ദേശം. 

കണ്ണൂര്‍ പാലത്തായി യു.പി സ്‌കൂളിലെ അധ്യാപകനും ബി.ജെ.പി നേതാവുമാണ്  കെ.പത്മരാജന്‍. കെ.പത്മരാജന് മരണം വരെ തടവു ശിക്ഷയാണ് കേസില്‍ വിധിച്ചത്. രണ്ട് പോക്‌സോ വകുപ്പുകളിലായി 40 വര്‍ഷം തടവ് ശിക്ഷയും രണ്ട് ലക്ഷം രൂപ പിഴയുമാണ് തലശേരി അതിവേഗ പോക്‌സോ കോടതി വിധിച്ചത്. അധ്യാപകനായിരിക്കേ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന കേസിലാണ് വിധി.

ബലാത്സംഗ വകുപ്പും പോക്‌സോ നിയമ പ്രകാരമുള്ള രണ്ട് വകുപ്പുകളും പ്രകാരമാണ് പത്മരാജനെ തലശേരി അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. രണ്ട് പോക്‌സോ കേസുകളില്‍ ആയി 40 വര്‍ഷം തടവും ഒപ്പം രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. പ്രതി അധ്യാപകന്‍ ആണെന്നും സംരക്ഷണം നല്‍കേണ്ട ആള്‍ ക്രൂരകൃത്യം നടത്തിയതായും കോടതി നിരീക്ഷിച്ചു. പെണ്‍കുട്ടിക്ക് മതിയായ നഷ്ട പരിഹാരത്തുക നല്‍കണമെന്നും ഉത്തരവിലുണ്ട്. കേസിൽ പത്മരാജൻ കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. 

പരമാവധി 20 വർഷം വരെയോ, ജീവപര്യന്തമോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്.  376 എ.ബി, ബലാത്സംഗം, പോക്‌സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

10 വയസുകാരിയെ 2020 മാർച്ച് 17ന് പീഡിപ്പിച്ചുവെന്നാണ് പത്മരാജനെതിരായ കുറ്റം. പത്മരാജൻ പാലത്തായി സ്‌കൂളിലെ അധ്യാപകനായിരുന്നു. സ്‌കൂളിലെ ശൗചാലയത്തിൽ വെച്ചാണ് പത്മരാജൻ പത്തുവയസ്സുകാരിയെ പീഡിപ്പിച്ചത് എന്നാണ് പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. കുട്ടിയുടെ അമ്മയുടെ പരാതിയിൽ പാനൂർ പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം