തിരഞ്ഞെടുപ്പ് പരിഷ്കരണ നിർദ്ദേശങ്ങളുടെ (SIR) ഭാഗമായി സംസ്ഥാനത്ത് എന്യൂമറേഷൻ ഫോം വിതരണം അതിവേഗത്തിൽ പുരോഗമിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ നവംബർ 14 വൈകിട്ട് 4ന് പുറത്തുവിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം 86.59 ശതമാനവുമായി പാലക്കാട് ജില്ല മുന്നിലാണ്. 86.27 ശതമാനവുമായി കാസർഗോഡും, 84.26 ശതമാനവുമായി കോട്ടയവും രണ്ടും മൂന്നും സ്ഥാനത്തുണ്ട്.
സംസ്ഥാനത്തുടനീളം ഇതുവരെ 77.43 ശതമാനം ഫോമുകൾ വിതരണം ചെയ്തു.
പാലക്കാട് ജില്ലയിലെ 12 മണ്ഡലങ്ങളിലെ പോളിംഗ് ബൂത്തുകൾക്ക് കീഴിൽ നിയോഗിച്ചിട്ടുള്ള ബൂത്ത് ലെവൽ ഓഫീസർമാർ (BLO) വഹിച്ചുവരുന്ന എന്യൂമറേഷൻ ഫോം വിതരണ പ്രക്രിയയിൽ ഇതുവരെ 86.59 ശതമാനം വിതരണം പൂർത്തിയായി. പുതിയ കണക്കുകൾ പ്രകാരം, 20.19 ലക്ഷം എന്യൂമറേഷൻ ഫോമുകൾ ജില്ലയിലാകെ വിതരണം ചെയ്തു കഴിഞ്ഞു. ജില്ലയിലെ 12 നിയോജക മണ്ഡലങ്ങൾക്കു കീഴിൽ നിയോഗിച്ചിട്ടുള്ള 2132 ബൂത്ത് ലെവൽ ഓഫീസർമാരുടെ നേതൃത്വത്തിലാണ് ഇത്രയും ഫോമുകൾ വിതരണം ചെയ്യാൻ സാധിച്ചത്.
തൃത്താല (172051), പട്ടാമ്പി (176832), ഷൊർണൂർ (179817), ഒറ്റപ്പാലം (180648), കോങ്ങാട് (144887), മണ്ണാർക്കാട് (177896), മലമ്പുഴ (180326), പാലക്കാട് (154125), തരൂർ (155641), ചിറ്റൂർ (163940), നെന്മാറ (171083), ആലത്തൂർ (161764) എന്നിങ്ങനെയാണ് 12 മണ്ഡലങ്ങളിൽ ഇതുവരെ വിതരണം ചെയ്ത എന്യൂമറേഷൻ ഫോമുകളുടെ എണ്ണം. 94 ശതമാനം ഫോമുകൾ വിതരണം പൂർത്തീകരിച്ച ആലത്തൂർ മണ്ഡലമാണ് ലിസ്റ്റിൽ മുന്നിലുള്ളത്.
