തിരുവനന്തപുരം നഗരത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി.

തൈക്കാട് ശാസ്താ ക്ഷേത്രത്തിന് സമീപത്തു വെച്ചായിരുന്നു കൊലപാതകം. രാജാജി നഗർ സ്വദേശി അലൻ (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തൈക്കാട് സ്വദേശിയായ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്. ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൂട്ടയടിക്കിടെയാണ് കത്തിക്കുത്ത് ഉണ്ടായത്. മുപ്പതോളം വിദ്യാർഥികൾ സംഭവം നടക്കുമ്പോൾ പരിസരത്ത് ഉണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കുന്നു. അലൻ്റെ നെഞ്ചിലാണ് കുത്തേറ്റത്. 

തൈക്കാട് മോഡൽ സ്കൂ‌ളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ രണ്ട് ചേരിയായി തിരിഞ്ഞ്  കുറച്ച് നാളായി തർക്കവും സംഘർഷവും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ചെങ്കൽച്ചുള എന്നറിയപ്പെടുന്ന രാജാജി നഗറിൽ നിന്നുള്ള കുട്ടികളും ജഗതി ഭാഗത്ത് നിന്നുള്ള കുട്ടികളുമാണ് രണ്ട് ചേരിയായി തിരിഞ്ഞത്. ഇതിൽ രാജാജി നഗർ സംഘത്തിൻ്റെ കൂടെയായിരുന്നു അലൻ. പേരൂർക്കടക്ക് അടുത്ത് നെട്ടയം ആണ് സ്വന്തം സ്‌ഥലമെങ്കിലും അലൻ കുറച്ച് നാളായി താമസിച്ചിരുന്നത് രാജാജി നഗറിലാണ്.

സ്കൂ‌ളിലെ സംഘർഷത്തിൽ  ഇടപെടാനാണ് ഇന്ന് വൈകിട്ട് അലനും കൂട്ടരുമെത്തിയത്. ജഗതി ടീമും പുറത്തു നിന്നുള്ളവരുമായി വന്നു. ഇരു കൂട്ടരും സ്കൂ‌ളിന് സമീപത്തുള്ള ക്ഷേത്ര പരിസരത്ത് ഒത്തു ചേർന്നു. തർക്കപരിഹാര യോഗം ചേർന്നു. തുടർന്ന് അടിയായി. ഇതിനിടയിലാണ് അലന് കുത്തേൽക്കുന്നത്. നെഞ്ചിന് താഴെ ആഴത്തിൽ കുത്തേറ്റു.  സുഹൃത്തുക്കൾ ബൈക്കിലാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ രക്ഷിക്കാനായില്ല.  മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം