കൂറ്റനാട് ടൗണിൽ ഗതാഗത കുരുക്കിലകപ്പെട്ട് നിർത്തിയിട്ടിരുന്ന കാറിന്റെ പിന്നിൽ അമിത വേഗതയിൽ വന്ന സ്വകാര്യ ബസ് ഇടിച്ചു. കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബസ്സിൻ്റെ മുൻഭാഗവും കേടുപറ്റി.
പെരിങ്ങോട് സ്വദേശിയും റിട്ടയേർഡ് അധ്യാപകനും കൂറ്റനാട് പ്രസ് ക്ലബ് പ്രസിഡണ്ടുമായ സി.മൂസയുടെ കാറിനാണ് സാരമായ കേടുപാടുകൾ സംഭവിച്ചത്. വഴിക്കടവിൽ നിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് അപകടം വരുത്തിവെച്ചത്.
ഇന്ന് കാലത്ത് 10 മണിയോടെ കൂറ്റനാട് നടന്ന സംഭവത്തിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി ഇരു വാഹനങ്ങളും റോഡിൽ നിന്ന് മാറ്റിയതോടെയാണ് ഗതാഗതം സാധാരണ നിലയിലായത്. അതേ സമയം തകർന്നു കിടക്കുന്ന നിരത്തിലൂടെയുള്ള ബസ്സുകളുടെ അമിത വേഗത നിയന്ത്രിക്കണമെന്നും യാത്രക്കാരുടെ ജീവൻ രക്ഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
