കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ കൃഷിയോന്നതി യോജനയുടെ ഭാഗമായി നടപ്പാക്കുന്ന നാഷണല്‍ ഫുഡ് സെക്യൂരിറ്റി ന്യൂട്രീഷന്‍ മിഷന്‍ (NFSNM) പദ്ധതിയ്ക്ക് പട്ടിത്തറ ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി.
പദ്ധതിയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് മുതിര്‍ന്ന കര്‍ഷകന്‍ അബൂബക്കറിന് പൗര്‍ണമി വിത്ത് നല്‍കി നിര്‍വ്വഹിച്ചു.
പദ്ധതിയുടെ നടത്തിപ്പിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ 60:40 അനുപാതത്തിലാണ് ഫണ്ട് ലഭ്യമാക്കുന്നത്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി നെല്‍കൃഷിക്ക് 10.4 ലക്ഷം രൂപയാണ് കേരളത്തിന് വകയിരുത്തിയിരിക്കുന്നത്. ഈ തുക പൂര്‍ണ്ണമായും തൃത്താല ബ്ലോക്കിലെ പട്ടിത്തറ ഗ്രാമപഞ്ചായത്തിനാണ് അനുവദിച്ചിരിക്കുന്നത്. മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സുസ്ഥിര തൃത്താലയുടെ പ്രവര്‍ത്തന മികവിന്റെ ഭാഗമായാണ് ഫണ്ട് ലഭ്യമായത്.
നെല്ലിന്റെ ഉല്‍പാദനത്തിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ പുഞ്ച കൃഷി ചെയ്യുന്ന നെല്‍പ്പാടങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത പത്തുവര്‍ഷത്തില്‍ താഴെ പഴക്കമുള്ള നെല്ലിനങ്ങളാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്. കാര്‍ഷിക സര്‍വകലാശാലയുമായി സംയോജിപ്പിച്ച് വിവിധ ശാസ്ത്രീയ മുറകളുടെ ക്ലസ്റ്റര്‍ ഡെമോണ്‍സ്‌ട്രേഷനുകളായി പദ്ധതി നടപ്പിലാക്കും.
12 ഹെക്ടര്‍ വീതമുള്ള ക്ലസ്റ്ററുകളിലായി സംയോജിത കള നിയന്ത്രണം, സംയോജിത കീട നിയന്ത്രണം, സംയോജിത രോഗ നിയന്ത്രണം തുടങ്ങി വിവിധ ക്ലസ്റ്റര്‍ ഡെമോണ്‍സ്‌ട്രേഷനുകള്‍ നടപ്പിലാക്കും.
പദ്ധതിയുടെ ഭാഗമായി നെല്‍കൃഷിക്ക് 50 ശതമാനം സബ്‌സിഡി നിരക്കില്‍ കളനാശിനി സൂക്ഷ്മ മൂലകങ്ങള്‍ എന്നിവയും വിതരണം ചെയ്യും. കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്ന നെല്ലിന്റെ 50 ശതമാനം വിലയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കുവാന്‍ സാധിക്കും.
കേരള കാര്‍ഷിക സര്‍വകലാശാലയുടെ മങ്കൊമ്പ് ഗവേഷണ കേന്ദ്രത്തില്‍ നിന്നും വികസിപ്പിച്ചെടുത്ത പൗര്‍ണമി എന്ന നെല്ലിനമാണ് പട്ടിക്കായല്‍ പാടശേഖരത്തില്‍ വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ പട്ടിക്കായല്‍ പാടശേഖരത്തിലെ 12 ഹെക്ടര്‍ സ്ഥലത്ത് സംയോജിത കള നിയന്ത്രണം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും മണ്ണുത്തി കാര്‍ഷിക കോളേജിലെ അഗ്രോണമി വിഭാഗത്തിന്റെയും നേതൃത്വത്തില്‍ നടപ്പാക്കും. തുടര്‍ന്ന് പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളില്‍ വിവിധ ക്ലസ്റ്റര്‍ ഡെമോണ്‍സ്‌ട്രേഷനുകളും പാടശേഖരത്തിലെ നെല്‍ക്കര്‍ഷകര്‍ക്ക് വിവിധ ട്രെയിനിങ്ങുകളും സംഘടിപ്പിക്കും.
പട്ടിക്കായല്‍ പാടശേഖര പരിസരത്ത് നടന്ന പരിപാടിയില്‍ പട്ടിത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ബാലന്‍ അധ്യക്ഷനായി. നവകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ പി.സെയ്തലവി പദ്ധതി വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം എ.കെ നന്ദകുമാര്‍, കൃഷി ഓഫീസര്‍ എം.എസ് ശ്രീലക്ഷ്മി, അസി. കൃഷി ഓഫീസര്‍ പി.വി വിനോബ്, പാടശേഖര സമിതി പ്രതിനിധികള്‍, കൃഷിക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
