ദേശീയ സരസ് മേള : സംഘാടക സമിതി ഓഫീസ് തുറന്നു

2026 ജനുവരി രണ്ട് മുതല്‍ 11 വരെ ചാലിശ്ശേരിയില്‍ നടക്കുന്ന ദേശീയ സരസ് മേളയുടെ സംഘാടക സമിതി ഓഫീസ് ചാലിശ്ശേരിയില്‍ തുറന്നു. തദ്ദേശ സ്വയംഭരണ എക്‌സൈസ്, പാര്‍ലമെന്ററി കാര്യമന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.

പി.മമ്മിക്കുട്ടി എം.എല്‍.എ അധ്യക്ഷനായി. ചാലിശ്ശേരി നാലാം വാര്‍ഡിലെ ശ്രീഭദ്ര അയല്‍ക്കൂട്ടത്തിലെ മുതിര്‍ന്ന അംഗം സരോജിനിയമ്മ മുഖ്യാതിഥിയായി.

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സരസ് മേള വഴി ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ സംരഭകരുടെ ഉത്പന്നങ്ങള്‍ക്ക് പ്രചാരം നല്‍കുകയും അവര്‍ക്ക് കൂടുതല്‍ വരുമാനവും തൊഴിലും നല്‍കുക എന്നതാണ് ലക്ഷ്യം. 250ലധികം ഉത്പന്ന വിപണന സ്റ്റാളുകള്‍ മേളയോട് അനുബന്ധിച്ച് സജ്ജീകരിക്കും. ഇതര സംസ്ഥാനങ്ങളിലെ രുചി വൈവിധ്യം വിളമ്പുന്ന 25ലധികം സ്റ്റാളുകള്‍ അടങ്ങുന്ന വമ്പന്‍ ഫുഡ്കോര്‍ട്ട്, കലാ - സാംസ്‌കാരിക രംഗത്തെ പ്രഗത്ഭര്‍ പങ്കെടുക്കുന്ന കലാപരിപാടികള്‍, വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകള്‍ എന്നിവയും ഉണ്ടാകും.

പരിപാടിയില്‍ നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി ബാലചന്ദ്രന്‍, തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ കുഞ്ഞുണ്ണി, ജില്ലാ പഞ്ചായത്ത് അംഗം വി.പി ഷാനിബ ടീച്ചര്‍, ചാലിശ്ശേരി വാര്‍ഡ് മെമ്പര്‍മാരായ ശിവാസ്, ആനി വിനു, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ കെ.വി ശ്യാംകുമാര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഷാന്‍, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ  എസ്.അനുരാധ, പി.ബി സുഭാഷ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ (ഇന്‍ചാര്‍ജ് ) ബി.എസ് മനോജ്, ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് സി.ഡി.എസ് അധ്യക്ഷ ലതാ സുഗുണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം