പട്ടാമ്പി ഉപജില്ലാ കലോത്സവ വേദിയിൽ തരംഗമായി ജനതാ ജേണൽ പത്രം.

പട്ടാമ്പി ഉപജില്ലാ കലോത്സവത്തിന് തുടർച്ചയായി അഞ്ചു വർഷവും ജനതാ ജേണൽ പത്രം പുറത്തിറക്കിയതിൻ്റെ അഭിമാനവുമായി വിദ്യാർത്ഥികൾ.

അഞ്ചു വർഷവും അതാത് ദിവസത്തെ കലോത്സവ വാർത്തകളും വിശേഷങ്ങളും അടങ്ങിയ പത്രം പിറ്റേ ദിവസം ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി അച്ചടിച്ച് കലോത്സവ നഗരിയിൽ വിതരണം ചെയ്തു കൊണ്ടാണ്  വിദ്യാർത്ഥികൾ പ്രശംസ നേടിയത്. 

ബഹുവർണ്ണ കളറിൽ ഡമ്മി സൈസിൽ ആയിരം കോപ്പിയാണ് ദിവസവും അച്ചടിക്കുന്നത്. ഇതിനാവശ്യമായ തുക പരസ്യത്തിലൂടെ കണ്ടെത്തുകയാണ് ചെയ്യുന്നത്. ഇംഗ്ലീഷിലും മലയാളത്തിലും കുട്ടികൾ വാർത്തകൾ എഴുതുന്നുണ്ട്. വാർത്തകളുടെ റിപ്പോർട്ടിംഗ്, എഡിറ്റിംഗ് ജോലികളെല്ലാം നിർവഹിക്കുന്നത് വിദ്യാർത്ഥികൾ തന്നെയാണ്.

ഈ വർഷം കൊപ്പം ഗവ. വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഉപജില്ലാ കലോത്സവത്തിനു കൂടി പത്രം ഇറക്കിയതോടെ തുടർച്ചയായി അഞ്ചുവർഷം കലോത്സവ നഗരിയിൽ പത്രമിറക്കി എന്ന ഖ്യാതി ഇവർ സ്വന്തമാക്കി. 

2019ൽ പട്ടാമ്പി, 2022ൽ നടുവട്ടം ജനത, 2023ൽ ചുണ്ടമ്പറ്റ, 2024ൽ എടപ്പലം എന്നിവിടങ്ങളിൽ നടന്ന ഉപജില്ലാ കലോത്സവത്തിലും ഇതേ രീതിയിൽ കുട്ടികൾ പത്രം ഇറക്കിയിരുന്നു. 25 ജേണലിസം വിദ്യാർത്ഥികളാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. ഉപജില്ലാ കലോത്സവത്തിൽ മാത്രമല്ല സ്കൂളിൽ നടക്കുന്ന ഏതു പരിപാടികളും ജനതാ ജേണൽ റിപ്പോർട്ട് ചെയ്ത് ഇ-പേപ്പർ പ്രസിദ്ധീകരിക്കുന്നുണ്ട്.

സ്കൂൾ കലോത്സവത്തിൽ ജനതാ ജേണൽ പുറത്തിറക്കിയ പേപ്പറിനെ സംബന്ധിച്ച് നേരത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ അഭിനന്ദന പോസ്റ്റ് ഇട്ടിരുന്നു.

ഉപജില്ലാ കലോത്സവ വേദിയിൽ ജനതാ ജേണലിൻ്റെ യൂട്യൂബ് ചാനലിനു വേണ്ടിയുള്ള വാർത്തകളും ശേഖരിക്കുന്നുണ്ട്. ഇതിനു പുറമേ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ നവ മാധ്യമങ്ങളിൽ പ്രത്യേകം പേജുകൾ ഉണ്ട്. 

നിലവിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മാത്രമല്ല നേരത്തെ ജേണലിസം പഠിച്ചിറങ്ങിയ വിദ്യാർഥികളും എല്ലാവർഷവും കലോത്സവ നഗരിയിൽ ജേണലിസം ജനത ജേണൽ കൂട്ടായ്മയുടെ ഭാഗമായി മാറുന്നു എന്നതും പ്രത്യേകതയാണ്. 

ഹയർ സെക്കണ്ടറി ജേണലിസം അധ്യാപകനും മീഡിയ ക്ലബ് കോർഡിനേറ്ററുമായ ബൈജു കോട്ടയിലാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥി ടി. കൃഷ്ണയാണ് സ്റ്റുഡൻറ് എഡിറ്റർ. പ്രിൻസിപ്പൽ എസ്.ജൂഡ് ലൂയിസ് ജനതാ ജേണലിൻ്റെ ചീഫ് എഡിറ്ററും കമ്പ്യൂട്ടർ സയൻസ് അധ്യാപകൻ കെ.ശ്രീകാന്ത് ടെക്നിക്കൽ ഡയറക്ടറുമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം