മഹാരാഷ്ട്രയിൽ പൂനെ- ബെംഗളൂരു ഹൈവേയിലെ നവലെ പാലത്തിന് സമീപം കണ്ടെയ്നർ ട്രക്ക് നിയന്ത്രണം വിട്ട് ഒന്നിലധികം വാഹനങ്ങളിൽ ഇടിച്ചു കയറി തീ പിടിച്ച് എട്ട് പേർ വെന്തുമരിച്ചു. 15 പേർക്ക് പരിക്ക്.
കൂട്ടിയിടിയെ തുടർന്ന് മൂന്ന് ഹെവി വാഹനങ്ങൾക്ക് തീ പിടിച്ചു. ഇന്ന് (വ്യാഴാഴ്ച) വൈകുന്നേരത്തോടെയാണ് അപകടം. തീ അണയ്ക്കാനും യാത്രക്കാരെ രക്ഷിക്കാനും അഗ്നിശമന സേനയും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
അപകടത്തെത്തുടർന്ന് ദേശീയപാതയിൽ പൂർണ്ണമായും ഗതാഗതം തടസ്സപ്പെട്ടു. മണിക്കൂറുകളോളം വാഹനങ്ങൾ റോഡിൽ കുടുങ്ങി. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും തകർന്ന വാഹനങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി ഫഡ്‌നാവിസ് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം സഹായ ധനം പ്രഖ്യാപിക്കുകയും ചെയ്തു. പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ വൈദ്യ സഹായങ്ങളും നൽകാനും എത്രയും വേഗം ഗതാഗതം പുന:സ്ഥാപിക്കാനും അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.
കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലും സമാനമായ ഒരു അപകടം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും ആളപായം ഉണ്ടായിരുന്നില്ല.
