ഈ നടപടി ഭരണഘടനാ വിരുദ്ധവും ഏകപക്ഷീയവും ജനാധിപത്യ അവകാശങ്ങൾക്ക് ഭീഷണിയുമാണ് എന്നാരോപിച്ചാണ് ഡി.എം.കെ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്.
ഇ.സി.ഐയുടെ ഒക്ടോബർ 27ലെ എസ്.ഐ.ആർ വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പാർട്ടി ഓർഗനൈസിംഗ് സെക്രട്ടറി ആർ.എസ് ഭാരതി ഹർജി സമർപ്പിച്ചിരിക്കുന്നത്.
ഈ പ്രക്രിയ പൗരത്വം തെളിയിക്കാൻ വോട്ടർമാരെ നിർബന്ധിക്കുന്നതിലൂടെ നിയമപരമായ പിൻബലമില്ലാത്ത ഒരു പരോക്ഷ ദേശീയ പൗരത്വ രജിസ്റ്ററായി പ്രവർത്തിക്കുന്നു.
പൗരത്വം വിലയിരുത്താനുള്ള ഭരണഘടനാപരമായ അധികാരം കേന്ദ്ര സർക്കാരിനാണെന്നും അല്ലാതെ തെരഞ്ഞെടുപ്പ് കമ്മീഷന് അല്ലെന്നും ഹർജിയിൽ പറയുന്നു.
എസ്.ഐ.ആർ റദ്ദാക്കിയില്ലെങ്കിൽ, നടപടിക്രമങ്ങളിലെ സുരക്ഷാ സംവിധാനങ്ങളുടെ അഭാവവും യുക്തിരഹിതമായ സമയപരിധിയും കാരണം ലക്ഷക്കണക്കിന് യഥാർത്ഥ വോട്ടർമാർക്ക് അവരുടെ അവകാശം നഷ്ടപ്പെടുകയും അത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിനെ തകർക്കുകയും ചെയ്യും.
നിലവിൽ പ്രചാരത്തിലുള്ള റേഷൻ കാർഡ്, പാൻ കാർഡ്, വോട്ടർ ഐ.ഡി. കാർഡ് തുടങ്ങിയ രേഖകൾ പോലും ഒഴിവാക്കി, പൗരത്വം തെളിയിക്കാൻ മറ്റു രേഖകൾ ആവശ്യപ്പെടുന്നത് ഒഴിവാക്കപ്പെടാൻ സാധ്യത കൂടുതലുള്ള വിഭാഗങ്ങളെ ദുരിതത്തിലാക്കും. 2025 ജനുവരിയിൽ സ്പെഷ്യൽ സമ്മറി റിവിഷൻ നടത്തി വോട്ടർ പട്ടിക പുതുക്കിയിട്ടും വീണ്ടും ഇത്രയും വിപുലമായ പുനഃപരിശോധന നടത്താൻ അടിയന്തിരമായ ഒരു ആവശ്യകതയുമില്ല എന്ന് ഡി.എം.കെ ഹർജിയിൽ പറയുന്നു. ഈ ആഴ്‌ച തന്നെ ഹർജി പരിഗണിക്കാൻ സാധ്യതയുണ്ട് എന്നാണ് സൂചന.
