കുവൈത്തിലെ അബ്ദല്ലി എണ്ണ ഖനന കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ ദാരുണമായി മരണപ്പെട്ടു. തൃശൂർ സ്വദേശി നടുവിലെ പറമ്പിൽ നിഷിൽ സദാനന്ദൻ (40), കൊല്ലം സ്വദേശി സുനിൽ സോളമൻ (43) എന്നിവരാണ് മരിച്ചത്.
എണ്ണ ഖനന കേന്ദ്രത്തിൽ ജോലി ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റതാണ് മരണ കാരണമായത്.
ഇരിങ്ങാലക്കുട തുറവൻകാട് സ്വദേശി നടുവില പറമ്പിൽ സദാനന്ദൻ്റെയും സുനന്ദയുടെയും മകനാണ് നിഷിൽ സദാനന്ദൻ. ഭാര്യ: ആതിര. മകൾ: ജാൻകി (2 വയസ്)
ഗർഭിണിയായ ഭാര്യയെ കാണാൻ നിഷിൽ ഈ ആഴ്ച നാട്ടിൽ പോകാനിരിക്കെയാണ് ദുരന്തം. 17ന് നാട്ടിലേക്കുള്ള ടിക്കറ്റെടുത്തിരുന്നു. അഞ്ചു വർഷത്തോളമായി നിഷിൽ കുവൈത്തിലെ റിഗ്ഗിലെ ജോലി ചെയ്‌ത് വരികയാണ്.
കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ് സുനിൽ സോളമൻ. ഭാര്യ സജിത കുവൈത്തിൽ നഴ്സാണ്. മക്കൾ: ഫേബ, ഫെബിൻ (ഇരുവരും വിദ്യാർത്ഥികൾ). മൃതശരീരങ്ങൾ ജഹ്റ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
