സ്വാർത്ഥത നിറഞ്ഞ ഇക്കാലത്ത് അപരന്റെ വേദനകൾ തിരിച്ചറിയാൻ കലകൾക്കും കലാകാരന്മാർക്കും കഴിയണമെന്ന് ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി പ്രസ്താവിച്ചു.
വട്ടേനാട് ഗവ.സ്കൂളിൽ തൃത്താല ഉപജില്ലാ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലയും സാഹിത്യവും ജീവിതത്തെ തിരിച്ചറിയുന്നതാവണം. ലോകത്തെ ഉൽകൃഷ്ട കലകൾ ജീവിത സാക്ഷാൽക്കാരത്തിലേക്കാണ് നയിച്ചതെന്നും സമദാനി ചൂണ്ടിക്കാട്ടി.
പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ബാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിനിമ നടി ബീന ആർ.ചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്തു.
വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഷറഫുദ്ദീൻ കളത്തിൽ, വിജേഷ് കുട്ടൻ, ജില്ലാ പഞ്ചായത്ത് അംഗം വി.പി ഷാനിബ, ബ്ലോക്ക് പഞ്ചായത്ത് അംഗം മാളിയേക്കൽ ബാവ, പി.വി ഷാജഹാൻ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ), കെ.ശശി രേഖ (ചെയർ പേഴ്‌സൺ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി പട്ടിത്തറ ഗ്രാമപഞ്ചായത്ത്), ശശിധരൻ (ഡയറ്റ് പ്രിൻസിപ്പൽ ആനക്കര), കെ.പ്രസാദ് (എ.ഇ.ഒ തൃത്താല), പി.ദേവരാജ് (ബി.പി.സി തൃത്താല), ഇ.ബാലകൃഷ്‌ണൻ (എച്ച്.എം ഫോറം കൺവീനർ), എം.പ്രദീപ് (പി.ടി.എ പ്രസിഡണ്ട്), കെ.പി സിദ്ദീഖ് (എസ്.എം.സി ചെയർമാൻ), പ്രീത (ഹെഡ്‌മിസ്ട്രസ്സ്, ജി.എൽ.പി.എസ് വട്ടേനാട്), വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.പി മുഹമ്മദ് മാസ്റ്റർ, കെ.ഷംസുദ്ധീൻ, ടി.അസീസ്, കെ.ടി ഹൈദ്രോസ്, ദിനേശൻ എറവക്കാട് എന്നിവർ സംസാരിച്ചു.
ലോഗോ തയ്യാറാക്കിയ വട്ടേനാട് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളായ മേധജ, വേദജ എന്നീ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. ജനറൽ കൺവീനർ സി.എ അഞ്ജന സ്വാഗതവും പ്രിൻസിപ്പൽ ജെയ്സി ആന്റണി നന്ദിയും പറഞ്ഞു.
