മുഹമ്മദ് മുഹസിൻ എം.എൽ.എയുടെ ആസ്തി- പ്രദേശിക വികസന ഫണ്ടുകൾ ഉപയോഗിച്ച് കെട്ടിടമുൾപ്പെടെ ആധൂനിക സൗകര്യങ്ങളോടെ പട്ടാമ്പി താലൂക്ക് ആശുപത്രിക്ക് കീഴിൽ നിർമ്മിച്ച ഡയാലിസിസ് സെന്റർ മന്ത്രി വീണാ ജോർജ്ജ് ഓൺലൈനായി നാടിനു സമർപ്പിച്ചു. മുഹമ്മദ് മുഹസിൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഇതോടെ വൃക്ക രോഗികൾക്ക് ആശ്വാസമാകുന്ന പട്ടാമ്പിക്കാരുടെ മറ്റൊരു സ്വപ്ന പദ്ധതികൂടി യാഥാർത്ഥ്യമായി.
പട്ടാമ്പി നഗരസഭ ചെയർപേഴ്സൺ ഒ. ലക്ഷ്മിക്കുട്ടി, കുലുക്കല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.രമണി, മുതുതല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ആനന്ദവല്ലി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.വിജയകുമാർ, പി.കെ കവിത, എൻ.രാജൻ, പി.ആനന്ദവല്ലി, കെ.ടി റുക്കിയ, കൗൺസിലർ കെ.ആർ നാരായണസ്വാമി, ജില്ലാ മെഡിക്കൽ ഓഫീസർ ടി.വി റോഷ്, ഡെപ്യൂട്ടി ഡി.എം.ഒ അഹമ്മദ് അഫ്സൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എൻ.പി വിജയകുമാർ, എം.എൻ കരുണാകരൻ, നഴ്സിംഗ് സൂപ്രണ്ട് കെ.പ്രസന്ന എന്നിവർ സംസാരിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സി.ഹരിദാസൻ റിപ്പോർട്ട് അവതരിപ്പിച്ചു.
എം.എൽ.എ ഫണ്ടിൽ നിന്ന് 199.75 ലക്ഷം രൂപ ചെലവഴിച്ചാണ് സെൻ്റർ യാഥാർത്ഥ്യമാക്കിയത്. കൂടാതെ പട്ടാമ്പിയിലെ ജനകീയ ഡോക്ടറായിരുന്ന അന്തരിച്ച ഡോ.ജോസ് പുളിക്കലിന്റെ സ്മരണാർത്ഥം അവരുടെ കുടുംബം സ്പോൺസർ ചെയ്ത 3,32,739 രൂപയിൽ ഇ.സി.ജി മെഷ്യൻ, മൾട്ടിപാര മോണിറ്റർ, ഓട്ടോക്ലേവ്, മോണിറ്റർ ട്രോളി, വിൽചെയർ, മെഷീൻ ട്രോളി എന്നിവ കൂടി ഡയാലിസിസ് യൂണിറ്റിൽ സജ്ജമാക്കിയിട്ടുണ്ട്.
