ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിന് അഭിവാദ്യങ്ങൾ നേർന്നുകൊണ്ട് സി.പി.ഐ.എം ഞാങ്ങാട്ടിരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം സംഘടിപ്പിച്ചു. ഞാങ്ങാട്ടിരി സെന്ററിൽ നടന്ന പരിപാടി തൃത്താല ഏരിയ കമ്മിറ്റി അംഗം വി.അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു.
18 മാസം ക്ഷേമ പെൻഷൻ കുടിശ്ശികയാക്കിയ യു.ഡി.എഫ് സർക്കാരിനെ ഭരണത്തിൽ വരാതെ ജനങ്ങൾ പുറത്തിരുത്തിയതു കൊണ്ടാണ് ക്ഷേമ പെൻഷൻ 2000 രൂപയാക്കി ഉയർത്താൻ സാധിച്ചതെന്നും വീട്ടമ്മമാർക്ക് ഇപ്പോൾ പ്രഖ്യാപിച്ച ആയിരം രൂപ പെൻഷൻ പ്രകടന പത്രികയിലെ വാഗ്ദാനമാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കിയില്ലായിരുന്നെങ്കിൽ എന്നോ നടപ്പിലാക്കാമായിരുന്ന പദ്ധതികളായിരുന്നു ഇത്. കോവിഡ് ദുരിതകാലത്തിൽ എല്ലാ ജനവിഭാഗങ്ങളെയും സൗജന്യമായി ഭക്ഷ്യകിറ്റുകൾ നൽകിയും ലഭ്യമാക്കാവുന്ന എല്ലാ ആരോഗ്യ പരിരക്ഷ ഉറപ്പാക്കിയും ഇടതുപക്ഷ സർക്കാർ ചേർത്തുപിടിച്ചു.
ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ഉമാശങ്കർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി.കെ ചന്ദ്രശേഖരൻ മാസ്റ്റർ, എ.കൃഷ്ണകുമാർ മാസ്റ്റർ, പി.കെ ജയ എന്നിവർ സംസാരിച്ചു.
