നടിയെ ആക്രമിച്ച കേസിൽ എല്ലാ പ്രതികൾക്കും 20 വർഷം തടവും പിഴയും

കൂട്ടബലാല്‍സംഗത്തിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയായ 20 വർഷത്തെ തടവുശിക്ഷയാണ് പ്രതികൾക്ക് കോടതി വിധിച്ചത്. ഒന്നാം പ്രതിക്ക് ഐ.ടി ആക്ട് പ്രകാരം 5 വർഷത്തെ തടവ്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. 376 ഡി വകുപ്പ് പ്രകാരമുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഈ വകുപ്പിൽ പരമാവധി ശിക്ഷ ജീവപര്യന്തം വരെയാകാം.

പ്രതികൾ വിചാരണത്തടവുകാരായി കഴിഞ്ഞ കാലയളവ് കിഴിച്ച് ശിക്ഷ അനുഭവിച്ചാൽ മതി. ഇതു പ്രകാരം പൾസർ സുനിക്ക് 13 വർഷം ജയിൽശിക്ഷ അനുഭവിച്ചാൽ മതിയാകും.

പ്രതികളും ശിക്ഷയും

എൻ.എസ് സുനിൽ (പൾസർ സുനി) - 20 വർഷം തടവും 50,000 രൂപ പിഴയും. ഐ.ടി നിയമപ്രകാരം 5 വർഷത്തെ തടവ്.

മാർട്ടിൻ ആന്റണി - 20 വർഷം തടവും 50,000 രൂപ പിഴയും.

ബി.മണികണ്ഠൻ - 20 വർഷം തടവും 50,000 രൂപ പിഴയും.

വി.പി വിജീഷ് - 20 വർഷം തടവും 50,000 രൂപ പിഴയും.

എച്ച്.സലിം - 20 വർഷം തടവും 50,000 രൂപ പിഴയും.

പ്രദീപ് - 20 വർഷം തടവും 50,000 രൂപ പിഴയും.

അതിജീവിതയ്ക്ക് 5 ലക്ഷം രൂപ നൽകണം.

അതിജീവിത കടന്നുപോയത് വലിയ ട്രോമയിലൂടെയാണെന്ന് കോടതി പ്രസ്താവിച്ചു. എല്ലാ പ്രതികളും 40 വയസ്സിൽ താഴെയുള്ളവരാണെന്നത് പരിഗണിക്കുന്നതായി കോടതി. പ്രതികൾക്ക് മറ്റ് കേസുകളില്ല എന്നത് പരിഗണിച്ചു.

കോടതി കണ്ടെത്തിയ കൂട്ടബലാത്സംഗക്കുറ്റം (വകുപ്പ് 376ഡി), ഗൂഢാലോചന കുറ്റം (120ബി) ഉൾപ്പെടെ 10 കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഒന്നു മുതല്‍ ആറു വരെ പ്രതികള്‍.

‌എൻ.എസ്.സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലിം, പ്രദീപ് എന്നിവരാണ് പ്രതികൾ. പി.ഗോപാലകൃഷ്ണൻ (ദിലീപ്), ചാർലി തോമസ്, സനിൽ‌ കുമാർ, ജി.ശരത്ത് എന്നിവരെ കുറ്റവിമുക്തരാക്കിയിരുന്നു.

നടൻ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം