തൃത്താല ബ്ലോക്ക് പഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഏഴ് ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെടുന്ന 246 ബൂത്തുകളിലെയും വോട്ടെണ്ണൽ ശനിയാഴ്ച രാവിലെ എട്ട് മണിക്ക് ആരംഭിക്കും.
കൂറ്റനാട് വട്ടേനാട് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന വോട്ടെണ്ണലിൽ എട്ടരയോടെ ആദ്യ ഫലസൂചന ലഭ്യമാകുമെന്ന് റിട്ടേണിംഗ് ഓഫീസർ എൻ. മഞ്ജുഷ അജിത്തും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ കെ.കെ. ചന്ദ്രദാസും അറിയിച്ചു.
ഒരേ സമയം ആറു ടേബിളുകളിൽ വോട്ടെണ്ണൽ നടക്കും. പോസ്റ്റൽ ബാലറ്റുകൾ ആദ്യം എണ്ണും. പത്തര മണിയോടെ മുഴുവൻ ഫലങ്ങളും ലഭ്യമാകുമെന്നാണ് വിലയിരുത്തൽ.
പോലീസ്, ഫയർഫോഴ്സ്, മെഡിക്കൽ വിഭാഗം എന്നിവയുടെ സുരക്ഷാ സംവിധാനങ്ങൾ സ്ഥലത്ത് സജ്ജമാക്കിയിട്ടുണ്ട്. വോട്ടെണ്ണലിനായി ഇരുനൂറിലധികം ഉദ്യോഗസ്ഥരുടെ സേവനവും ഒരുക്കിയിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കൃത്യവും സമഗ്രവുമായി അറിയാൻ വെബ്‌സൈറ്റുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കം പൂർത്തിയാക്കി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ 'ട്രെൻഡ്' വെബ്‌സൈറ്റിൽ തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാം.
https://trend.sec.kerala.gov.in
https://lbtrend.kerala.gov.in
https://trend.kerala.nic.in
എന്നീ വെബ്‌സൈറ്റുകളിൽ തെരഞ്ഞെടുപ്പ് ഫലം ലഭ്യമാകും.
സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം ജില്ലാ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിങ്ങനെ തിരിച്ച് ഒറ്റ നോട്ടത്തിൽ മനസ്സിലാകുന്ന വിധം സൈറ്റിൽ ലഭ്യമാകും.
ഓരോ ബൂത്തിലെയും സ്ഥാനാർഥികളുടെ വോട്ടു നില കൃത്യമായി തന്നെ സൈറ്റിൽ അപ്ലോഡ് ചെയ്യും. ഓരോ തദ്ദേശ സ്ഥാപനത്തിലെയും ലീഡ് നില വാർഡ് അടിസ്ഥാനത്തിൽ മനസ്സിലാക്കാം.
