വള്ളുവനാട് ഹിന്ദുമത പരിഷത്തിൻ്റെ പന്ത്രണ്ടാമത് സമ്മേളനം ഡിസംബർ 26, 27, 28 തീയതികളിൽ പന്തിരുകുലത്തിൻ്റെ ആസ്‌ഥാനമായ തൃത്താലയിലെ യജ്ഞേശ്വരം ശിവക്ഷേത്രത്തിൽ നടത്തുന്നതിന് ഒരുക്കം പൂർത്തിയായെന്ന് ഭാരവാഹികൾ കൂറ്റനാട് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഹൈന്ദവ മൂല്യങ്ങളെ ആദരിക്കുന്ന എല്ലാ വിഭാഗങ്ങളുടെയും ഐക്യമാണ് പരിഷത് ലക്ഷ്യമിടുന്നത്. അഗ്നിഹോത്രികൾ മുതൽ പാക്കനാർ വരെ പറയിപെറ്റ പന്തിരുകുലങ്ങളും ഇവിടെ ഒന്നിച്ചുചേരുന്നതുപോലെ സമസ്ത ഹൈന്ദവ സമൂഹങ്ങളും ഇവിടെ ഒരുമിക്കണം. സങ്കുചിത കക്ഷി രാഷ്ട്രീയത്തിനും, ജാതീയമായ ഉച്ചനീചത്വങ്ങൾക്കും അതീതമായ സ്വന്തം ധർമ്മത്തിൽ അഭിമാനം കൊള്ളുന്ന ഒരു ഹൈന്ദവ ജനതയുടെ ഐക്യമാണ് വള്ളുവനാട് ഹിന്ദുമത പരിഷത്ത് വിഭാവനം ചെയ്യുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
കഴിഞ്ഞ 12 വർഷത്തെ പ്രവർത്തനത്തിലൂടെ പട്ടാമ്പി താലൂക്കിലെങ്കിലും ഈ ഒരു ആശയം സാമാന്യജന മനസ്സുകളിൽ എത്തിക്കുവാൻ സാധിച്ചതിനാൽ ജനങ്ങൾ ഈ പ്രസ്‌ഥാനവുമായി സഹകരിച്ചു പ്രവർത്തിക്കുവാൻ മുന്നോട്ടു വരുന്നുണ്ടെന്നും അവർ പറഞ്ഞു.
ഡിസംബർ 26ന് വെള്ളിയാഴ്ച രാവിലെ 6 മണിക്ക് മേഴത്തോൾ അഗ്നിഹോത്രി വെള്ളിശൂലം പ്രതിഷ്‌ഠിച്ച ജപപ്പാറയിൽ ദീപസമർപ്പണം നടത്തും. 6.30 മണി മുതൽ 10 മണി വരെ ഡോക്ടർ ശ്രീനാഥ് കാരയാട്ട് ആചാര്യനായി 2500 ഭക്തർ പങ്കെടുക്കുന്ന മഹാസുദർശന യജ്ഞം നടക്കും. 7 മണിക്ക് ധ്വജാരോഹണം. 10 മണിമുതൽ 11 മണി വരെ ജൂന അഖാഡയുടെ ദക്ഷിണ ഭാരതത്തിലെ പ്രഥമ മഹാ മണ്‌ഡലേശ്വറായ സംപൂജ്യ സ്വാമി ആനന്ദവനം മഹാരാജിനെ തൃത്താല മാരിയമ്മൻ ക്ഷേത്രത്തിൽ നിന്നും താലപ്പൊലിയോടും വാദ്യമേളങ്ങളോടും മറ്റു കലാരൂപങ്ങളോടും കൂടി യജ്ഞേശ്വരം ക്ഷേത്രത്തിലെ വേദിയിലേക്ക് തുറന്ന ജീപ്പിൽ ആനയിക്കും.
11 മണിക്ക് ഉദ്ഘാടന സഭ ചേരും. പരം പൂജ്യ മഹാ മണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് ദീപ പ്രോജ്വലനം നിർവഹിച്ചു കൊണ്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. വള്ളുവനാട് ഹിന്ദുമത പരിഷത്ത് അധ്യക്ഷൻ ബ്രഹ്മചാരി ടി.കെ വിനയഗോപാൽ അധ്യക്ഷത വഹിക്കും. സനാതന ധർമ്മ പരിഷത്ത് ആചാര്യൻ ഡോ.ശ്രീനാഥ് കാരയാട്ട് വിശിഷ്ടാതിഥിയായി പങ്കെടുക്കും.
ഒരു മണിയ്ക്ക് പ്രസാദ ഭോജനം, 2.30 മണി മുതൽ തിരുവാതിരക്കളി, 4:30 മണി മുതൽ 6:30 മണി വരെ ആദ്ധ്യാത്മിക സമ്മേളനം എന്നിവ നടക്കും. വൈകുന്നേരം 6:30 മണിമുതൽ നൃത്ത നൃത്യങ്ങൾ അരങ്ങേറും.
ഡിസംബർ 27ന് ശനിയാഴ്ച രാവിലെ 8.30 മണി മുതൽ 10 മണി വരെ ആചാര്യ സുമംഗല നെല്ലിക്കാട്ടിരിയുടെ നേതൃത്വത്തിൽ ശ്രീ വിഷ്‌ണു സഹസ്രനാമ പാരായണം നടക്കും. 10 മണി മുതൽ മാതൃ സമ്മേളനം ചേരും. വത്സല മേഴത്തൂരിൻ്റെ അധ്യക്ഷതയിൽ പ്രൊഫസർ സരിത അയ്യർ മുഖ്യപ്രഭാഷണം നടത്തും.
വൈകുന്നേരം 4.30ന് സാംസ്കാരിക സമ്മേളനം ചേരും. സംപൂജ്യ സ്വാമി സ്വരൂപാനന്ദ സരസ്വതി മുഖ്യ പ്രഭാഷണം നടത്തും. സംപൂജ്യ സ്വാമി അഭയാനന്ദ, പൂമുള്ളി നാരായണൻ നമ്പൂതിരിപ്പാട്, രവിന്ദ്രൻ വെളിച്ചപ്പാട്, അച്യുതൻകുട്ടി തുടങ്ങിയവർ സംസാരിക്കും. വൈകുന്നേരം 6.30 മണി മുതൽ കലാ പരിപാടികളുണ്ടാവും.
ഡിസംബർ 28ന് ഞായറാഴ്‌ച രാവിലെ 8 മണി മുതൽ ലളിതാ സഹസ്രനാമ പാരായണം, ഭജന എന്നിവയുണ്ടാവും. 10.30 മുതൽ യുവജന സമ്മേളനം നടക്കും. അഡ്വ.രാജേഷ് വെങ്ങാലിൽ അധ്യക്ഷത വഹിക്കും. ഒ.എസ് സതീഷ് മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന ആദരായനത്തിൽ ദേശീയ- സംസ്ഥാന പ്രതിഭകളെ അനുമോദിക്കും.
വൈകുന്നേരം 4ന് നടക്കുന്ന സമാപന സമ്മേളനം കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും. സംപൂജ്യ സ്വാമി ദേവാനന്ദ പുരി അനുഗ്രഹപ്രഭാഷണം നിർവഹിക്കും.
വൈകുന്നേരം 6.30 മുതൽ ഗുരുവായൂർ ഗോകുൽദാസും സംഘവും അവതരിപ്പിക്കുന്ന പഞ്ചരത്ന അഷ്ടപദിയോടെ സമാപിക്കും.
വാർത്താ സമ്മേളനത്തിൽ വള്ളുവനാട് ഹിന്ദുമത പരിഷത്ത് അധ്യക്ഷൻ ടി.കെ വിനയഗോപാൽ, മറ്റു ഭാരവാഹികളായ തത്വ രസികൻ പ്രസാദ് പുളിക്കൽ, എ.പി ശിവൻ കണ്ടപ്പു, എം. വിജയകൃഷ്ണൻ, ഡോ.വി പ്രേമചന്ദ്രൻ എന്നിവർ പങ്കെടുത്തു.
