കൂറ്റനാട് ദേശോത്സവം ഫെബ്രുവരി 9,10,11 തീയതികളിൽ നടക്കും; ഒരുക്കം തുടങ്ങിയെന്ന് ഭാരവാഹികൾ

കൂറ്റനാട് ദേശോത്സവം ഫെബ്രുവരി 9,10,11 തീയതികളിൽ നടത്തുന്നതിന് ഒരുക്കം തുടങ്ങിയെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ദേശോത്സവത്തിൻ്റെ ഭാഗമായി ആചാരപരമായ ചടങ്ങുകളും സാംസ്കാരിക പരിപാടികളും കലാപരിപാടികളും ഗജസംഗമവും നടക്കും. കേന്ദ്ര ആഘോഷ കമ്മിറ്റിയും 28 ഉപ കമ്മിറ്റികളും ദേശോത്സവത്തിനുള്ള ഒരുക്കം ഊർജ്ജിതമായി തുടരുകയാണ്. നാല്പതിൽപരം ആനകളെ പങ്കെടുപ്പിക്കാൻ  ശ്രമം നടന്നു വരുന്നുണ്ട്. ദേശോത്സവത്തിന് രണ്ടു കോടി രൂപയുടെ ഇൻഷൂറൻസ് കവറേജ് ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ മോണിറ്ററിങ്ങ് കമ്മിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്മിറ്റിയാണ് ദേശോത്സവത്തിന് നേതൃത്വം നൽകുന്നത്.

മുൻ വർഷങ്ങളെ അപേക്ഷിച്ച് വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ട്. പോലീസ്, ഫയർ ഫോഴ്സ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യ വിഭാഗം, വനം വകുപ്പ്, ആന പരിപാലന സംഘം തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ദേശോത്സവം നടത്തുന്നത്.

വസ്തുത ഇതായിരിക്കെ  ഇക്കൊല്ലം ദേശോത്സവം നടക്കുന്നില്ലെന്ന മട്ടിൽ ചില വാർത്തകൾ പുറത്തുവന്നത് ശരിയല്ലെന്നും അത്തരം പ്രചാരണങ്ങൾ പ്രതിഷേധാർഹമാണെന്നും  ഭാരവാഹികൾ പറഞ്ഞു.

കേന്ദ്ര ആഘോഷ കമ്മിറ്റി പ്രസിഡണ്ട് കെ.വി ഗഫൂർ, വൈസ് പ്രസിഡണ്ട് പി.സി അജയൻ, സെക്രട്ടറി എ.വി ഫൈസൽ, ജോ.സെക്രട്ടറി പി.എ അബ്ദുൽ ഹമീദ്, ട്രഷറർ രവി കുന്നത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം