ഡിസംബർ 27, 28 തിയ്യതികളിൽ പട്ടാമ്പി ചോലക്കൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന നാലാമത് നാഷണൽ ലെവൽ വുഷു കുങ് ഫു ഫെസ്റ്റിവൽ ചാമ്പ്യൻഷിപ്പിന്ഒ രുക്കം പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വുഷു കുങ് ഫു ഓർഗനൈസെഷൻ കേരളയുടെ മേൽ നോട്ടത്തിൽ പട്ടാമ്പി YSK അക്കാദമിയാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. 28 വർഷമായി പട്ടാമ്പിയിൽ പ്രവർത്തിക്കുന്ന YSK അക്കാദമി ഇതിനു മുമ്പും വുഷു കുങ് ഫു ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചിട്ടുണ്ട്. രണ്ടു ദിവസങ്ങളിലായി കേരളത്തിനകത്തും നിന്നും പുറത്തുനിന്നുമായി 30 ലേറെ അക്കാദമികളിൽ നിന്ന് 400ൽ പരം മത്സരാർഥികൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും.
ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ നിർവഹിക്കും. പ്രശസ്ത കവി പി.രാമൻ മുഖ്യാതിഥിയാവും. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ജന പ്രതിനിധികളും പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഫ്ലാഗ് ഹോസ്റ്റിങ്ങ്, മാർച്ച് പാസ്റ്റ്, പൊതു സമ്മേളനം എന്നിവ നടക്കും.
ഞായറാഴ്ച വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം പട്ടാമ്പി മുനിസിപ്പൽ നിയുക്ത ചെയർമാൻ ടി.പി ഷാജി ഉദ്ഘാടനം നിർവഹിക്കും. തൃത്താല, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരും, പട്ടാമ്പി മുനിസിപ്പൽ വൈസ് ചെയർപേഴ്സനും മുഖ്യാതിഥിയാവും. പ്രശസ്ത സിനിമ താരം ഗോവിന്ദ് പത്മസൂര്യ വിശിഷ്ടാതിഥിയാവും.
ചാമ്പ്യൻഷിപ്പ് വിജയിപ്പിക്കുന്നതിനു വേണ്ടി വുഷു കുങ് ഫു ഓർഗനൈസേഷൻ കേരളയുടെ പ്രസിഡന്റ് സുധീറിൻ്റെ അധ്യക്ഷതയിൽ സംഘാടക സമിതി പ്രവർത്തിക്കുന്നുണ്ടെന്നും ചാമ്പ്യൻഷിപ്പ് ഡയറക്ടർ ഷിഫു ഷബീർ ബാബു, കൺവീനർ ഹുസൈൻ തട്ടത്താഴത്ത്, ഒ.അബിബോസ്, ഒ.അബിനാറാണി, ടി.ടി ഷിഫാ നസ്രിൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
