കേന്ദ്ര സർക്കാർ വിഹിതമായ 85 ലക്ഷം രൂപ ഫണ്ട് ഉൾപ്പെടുത്തി ചാലിശ്ശേരിയിൽ ജനുവരി ആദ്യവാരം നടത്തുന്ന സരസ് മേള സി.പി.എമ്മിന്റെ പാർട്ടി സമ്മേളനമാക്കി മാറ്റാൻ അനുവദിക്കില്ലെന്ന് ബി.ജെ.പി കപ്പൂർ സംഘടനാ മണ്ഡലം കമ്മിറ്റി നേതാക്കൾ കൂറ്റനാട് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സരസ് മേളയുടെ പരസ്യ ബോർഡുകളിൽ പോലും പ്രധാനമന്ത്രിയുടേയോ കേന്ദ്ര മന്ത്രിമാരുടേയോ ചിത്രം ഉൾപ്പെടുത്താതിരിക്കുന്നതും കേന്ദ്രമന്ത്രിമാരെ പരിപാടിയുടെ ഉദ്ഘാടനത്തിനു ക്ഷണിക്കാതിരിക്കുന്നതും പ്രതിഷേധാർഹമാണെന്ന് നേതാക്കൾ പറഞ്ഞു. ഇതിനെതിരെ ബി.ജെ.പി പ്രതിഷേധത്തിലേക്ക് നീങ്ങുകയാണെന്നും നേതാക്കൾ പറഞ്ഞു.
രാജ്യത്ത് എവിടെയും സരസ് മേളകൾ സംഘടിപ്പിക്കപ്പെടുന്നത് കേന്ദ്ര സർക്കാരിന്റെ ദീനദയാൽ അന്ത്യോദയ യോജന ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന് കീഴിലാണ് (DAY-NRLM). കേരളത്തിൽ ഇത് കുടുംബശ്രീ മുഖേനയാണ് നടപ്പാക്കുന്നത്. ഗ്രാമീണ സംരംഭങ്ങളുടെ ഉൽപ്പന്ന പ്രദർശനത്തിനും വിപണനത്തിനുമാണ് ഇത്തരം മേളകൾ സംഘടിപ്പിക്കുന്നത്.
ഇതിൻ്റെ നടത്തിപ്പിന് 85 ലക്ഷം രൂപ കേന്ദ്ര വിഹിതവും 50 ലക്ഷം രൂപ സംസ്ഥാന വിഹിതവുമാണ് അനുവദിച്ചിട്ടുള്ളതെന്ന് ബി.ജെ.പിക്ക് ലഭിച്ച വിവരാവകാശ രേഖയിൽ കൃത്യമായി പറയുന്നുണ്ട്. കേന്ദ്ര സർക്കാരിൻ്റെ ഫണ്ട് ഉപയോഗിച്ച് നടക്കുന്ന ദേശീയ സരസ്മേളക്ക് കേന്ദ്രമന്ത്രിമാരെ ഉൾപ്പെടുത്തണമെന്നും പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ബി.ജെ.പി പ്രതിഷേധത്തിലേക്ക് നീങ്ങുന്നതെന്ന് മണ്ഡലം പ്രസിഡണ്ട് ദിനേശൻ എറവക്കാട്, ജനറൽ സെക്രട്ടറിമാരായ കെ. നാരായണൻ കുട്ടി, ഇ.രതീഷ് തണ്ണീർക്കോട് എന്നിവർ പറഞ്ഞു.
