ലോക എയ്‌ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ച് എച്ച്.ഐ.വി. ബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പാലക്കാട് കോട്ടമൈതാനത്ത് റെഡ് റിബൺ രൂപത്തിൽ ദീപങ്ങൾ തെളിയിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, എൻ.എസ്.എസ്. യൂണിറ്റുകൾ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്ന ഈ പരിപാടി സംഘടിപ്പിച്ചത്.
ദീപം തെളിയിക്കൽ ചടങ്ങിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ടി.വി റോഷ് നിർവഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കാവ്യ കരുണാകരൻ, ആർദ്രം നോഡൽ ഓഫീസർ ഡോ.അനൂപ് റസാഖ്, കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി 'ദിശ' ക്ലസ്റ്റർ പ്രോഗ്രാം മാനേജർ സുനിൽകുമാർ, ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ എസ്.സയന, വിക്ടോറിയ കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. ആശ എന്നിവർ പങ്കെടുത്തു.
വിവിധ പ്രോജക്ട് ജീവനക്കാർ, മെഡിക്കൽ ഓഫീസിലെ ജീവനക്കാർ, അകത്തേത്തറ എൻജിനീയറിങ് കോളേജ്, പാലക്കാട് ഗവ. വിക്ടോറിയ കോളേജ്, ഗവ. നഴ്സിങ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കാളികളായി.
ഡിസംബർ ഒന്നിനാണ് ലോകമെമ്പാടും എയ്‌ഡ്‌സ് ദിനമായി ആചരിക്കുന്നത്. എച്ച്.ഐ.വി അണുബാധ ഇപ്പോഴും ഒരു വലിയ ഭീഷണിയാണെന്നും, ഇത് തടയുന്നതിനും രോഗബാധിതരെ സഹായിക്കുന്നതിനും സമൂഹം കൂടുതൽ ഇടപെടലുകൾ നടത്തേണ്ടതുണ്ടെന്നും ഓർമ്മിപ്പിച്ചാണ് ഈ ദിനം ആചരിക്കുന്നത്.
'പ്രതിസന്ധികളെ അതിജീവിച്ച്, പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ട്' (Overcoming disruption, transforming the AIDS response) എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ സന്ദേശം.
