തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി അറിയാൻ ഇനി ഏതാനും മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. അതിനിടെ കൂട്ടലും കിഴിക്കലുമായി സ്ഥാനാർത്ഥികളും പ്രവർത്തകരും. ശനിയാഴ് രാവിലെ എട്ടിന് വോട്ട് എണ്ണിത്തുടങ്ങും. സംസ്ഥാനത്ത് 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉള്ളത്. പാലക്കാട് ജില്ലയിൽ 20 കേന്ദ്രങ്ങളുണ്ട്.
ആദ്യം പോസ്റ്റൽ വോട്ടുകൾ എണ്ണിയശേഷം വോട്ടിങ് യന്ത്രങ്ങൾ തുറക്കും. ആദ്യഫലങ്ങൾ അരമണിക്കൂറിനുള്ളിൽ അറിയാം. പതിനൊന്ന് മണിയോടെ ഗ്രാമപഞ്ചായത്തുകളിലെ ഭരണകർത്താക്കളുടെ ചിത്രം പൂർണമാകും. ഉച്ചയോടെ അന്തിമ ഫലം അറിയാം.
വ്യാഴാഴ്‌ച നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ 76.08 ശതമാനം പോളിങ് രേഖപ്പെടുത്തി. തൃശൂർ മുതൽ കാസർകോട് വരെ ഏഴുജില്ലകളിലായിരുന്നു രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. 604 തദ്ദേശ സ്ഥാപനങ്ങളിലായി 38,994 സ്ഥാനാർഥികൾ ജനവിധി തേടി.
രണ്ടു ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിൽ ആകെ പോളിങ് 73.69 ശതമാനത്തിലേറെയാണ്. തിരുവനന്തപുരം മുതൽ എറണാകുളം വരെ നടന്ന ആദ്യഘട്ടത്തിൽ 70.91 ശതമാനമായിരുന്നു പോളിങ്. 2020ലെ പോളിങ് ശതമാനം 75.95 ശതമാനമായിരുന്നു.
പഞ്ചായത്ത്, ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഫലങ്ങൾ വരണാധികാരികൾ പ്രഖ്യാപിക്കും. ജില്ലാ പഞ്ചായത്ത് ഫലം കലക്ടറാണ് പ്രഖ്യാപിക്കുക. വോട്ടുനില സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ ഔദ്യോഗിക ഓൺലൈൻ പ്ലാറ്റ്ഫോമായ TREND ൽ അപ് ലോഡ് ചെയ്യും.
