തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് കാലിടറി ; നേട്ടം കൊയ്ത് യു.ഡി.എഫ്

ഇടതുമുന്നണിക്ക് കനത്ത ആഘാതമേല്പിക്കുന്ന വിധിയെഴുത്താണ് ഇന്ന് കേരളം കണ്ടത്. സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിൽ നാലും 86 നഗരസഭകളിൽ 54ലും 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 79ലും 941 ഗ്രാമ പഞ്ചായത്തുകളിൽ 504 ലും നേട്ടം കൊയ്താണ് യു.ഡി.എഫ് കരുത്തു കാട്ടിയത്. 

ഭരണവിരുദ്ധ വികാരത്തിൻ്റെ തീവ്രത അളയ്ക്കുന്ന കാര്യത്തിലും ഇടതുമുന്നണിക്ക് കാലിടറിയെന്നാണ് വിധിയെഴുത്ത് സൂചിപ്പിക്കുന്നത്.

പ്രതികൂല സാഹചര്യം ഏറെയുണ്ടായിട്ടും ജനം യു.ഡി.എഫിനെ നെഞ്ചോടു ചേർത്തുവെന്നാണ് തദ്ദേശ ഫലം നൽകുന്ന സന്ദേശം. 

ചരിത്രത്തിലാദ്യമായി തിരുവനന്തപുരം കോർപ്പറേഷൻ എൻ.ഡി.എ സ്വന്തമാക്കിയതും ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയാണ്. രണ്ട് നഗരസഭകളും 26 പഞ്ചായത്തും നേടി എൻ.ഡി.എ ശക്തി തെളിയിക്കുകയും ചെയ്തു.

പാലക്കാട് നഗരസഭയിൽ നിലവിൽ തൂക്കുസഭയാണ്. ആകെയുള്ള 53 സീറ്റിൽ 25 എണ്ണം നേടി എൻ.ഡി.എ ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ 17 സീറ്റുമായി യു.ഡി.എഫ് തൊട്ടുപിറകിലുണ്ട്. എൽ.ഡി.എഫ് 8 സീറ്റ് നേടി. മൂന്ന് സ്വതന്ത്രരും വിജയിച്ചു.  ഷൊർണൂരിലും ഒറ്റപ്പാലത്തും

നഗരസഭാ ഭരണം എൽ.ഡി.എഫിന് വലിയ ഭൂരിപക്ഷത്തിൽ നിലനിർത്താൻ സാധിച്ചു. എന്നാൽ പട്ടാമ്പി, ചെർപ്പുളശേരി, മണ്ണാർക്കാട്, ചിറ്റൂർ എന്നീ നാല് നഗരസഭകളിൽ യു.ഡി.എഫ് ജയിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്തിൽ എൽ.ഡി.എഫ് 19 സീറ്റ് നേടി. യു.ഡി.എഫ് 12 എണ്ണം നേടി. 

പാലക്കാട് ജില്ലയിലെ 13 ബ്ലോക്ക് പഞ്ചായത്തുകളിൽ എൽ.ഡി.എഫ് 9, യു.ഡി.എഫ് 3, തൂക്കുസഭ 1.

88 ഗ്രാമപഞ്ചായത്തുകളിൽ എൽ.ഡി.എഫ് 46, യു.ഡി.എഫ് 31, എൻ.ഡി.എ 2, തൂക്കുസഭ 9.

തൃശൂർ കോർപ്പറേഷനിൽ അപ്രതീക്ഷിത വിജയമാണ് യു.ഡി.എഫ് സ്വന്തമാക്കിയത്. 13 സീറ്റ് നേടിയ എൽ.ഡി.എഫിനേയും എട്ടു സീറ്റ് നേടിയ എൻ.ഡി.എയേയും ബഹുദൂരം പിന്നിലാക്കി 33 സീറ്റോടെ യു.ഡി.എഫ് വൻവിജയം കൊയ്തു. എന്നാൽ നഗരസഭകളിൽ ചാലക്കുടിയും ഇരിങ്ങാലക്കുടയും മാത്രമാണ് യു.ഡി.എഫിനൊപ്പം നിന്നത്. കുന്നംകുളവും കൊടുങ്ങല്ലൂരും ചാവക്കാടും ഗുരുവായൂരും വടക്കാഞ്ചേരിയും അടങ്ങുന്ന അഞ്ച് നഗരസഭകളാണ് എൽ.ഡി.എഫിനെ പിന്തുണച്ചത്. ഇതിൽ കൊടുങ്ങല്ലൂരിൽ എൻ.ഡി.എയാണ് മുഖ്യ പ്രതിപക്ഷം. അതേസമയം, ജില്ലാ പഞ്ചായത്തിൽ എൽ.ഡി.എഫ് 21 സീറ്റ് നേടി. 9 സീറ്റ് യു.ഡി.എഫിന് ലഭിച്ചു. 

തൃശൂർ ജില്ലയിലെ 16 ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫ് 10, യു.ഡി.എഫ് 5, തൂക്കുസഭ 1.

തൃശൂരിലെ 86 ഗ്രാമ പഞ്ചായത്തിൽ എൽ.ഡി.എഫ് 44, യു.ഡി.എഫ് 34, എൻ.ഡി.എ 1, തൂക്കുസഭ 7.

മലപ്പുറം ഇക്കുറിയും യു.ഡി.എഫിന് ചരിത്ര വിജയം നൽകി. ഏഴ് നഗരസഭകളിൽ എൽ.ഡി.എഫിനു വിട്ടുകൊടുത്തത് പൊന്നാനി മാത്രം. തിരൂർ, മലപ്പുറം, മഞ്ചേരി, കോട്ടക്കൽ, നിലമ്പൂർ, താനൂർ, പരപ്പനങ്ങാടി, വളാഞ്ചേരി, തിരൂരങ്ങാടി, കൊണ്ടോട്ടി അടക്കം 11 നഗരസഭകളും യു.ഡി.എഫ് മൃഗീയ ഭൂരിപക്ഷത്തോടെ തൂത്തുവാരി. ഇതിൽ പെരിന്തൽമണ്ണയിലെ യു.ഡി.എഫ് വിജയം ഏറെ ശ്രദ്ധേയമാണ്. പതിറ്റാണ്ടുകൾക്ക് ശേഷമാണ് പെരിന്തൽമണ്ണ യു.ഡി.എഫ് പിടിച്ചെടുത്തത്. 

താനൂരിൽ എൻ.ഡി.എയാണ് മുഖ്യ പ്രതിപക്ഷം. ഇവിടെ എൽ.ഡി.എഫിന് സീറ്റ് ലഭിച്ചില്ല. തിരൂരങ്ങാടിയിൽ 34 സീറ്റ് യു.ഡി.എഫ് നേടിയപ്പോൾ എൽ.ഡി.എഫിനു ലഭിച്ചത് ഒരു സീറ്റ് മാത്രം. മലപ്പുറം ജില്ലാ പഞ്ചായത്തിൽ മാറഞ്ചേരിയിൽ മാത്രമാണ് എൽ.ഡി.എഫ് വിജയിച്ചത്. ശേഷിച്ച 32 സീറ്റുകളും യു.ഡി.എഫ് കയ്യടക്കി.

മലപ്പുറം ജില്ലയിലെ 15 ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫ് 1, യു.ഡി.എഫ് 14.

മലപ്പുറത്തെ 94 ഗ്രാമപഞ്ചായത്തുകളിൽ എൽ.ഡി.എഫ് 4, യു.ഡി.എഫ് 87, തൂക്കുസഭ 2, മറ്റുള്ളവർ 1.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം