തൃത്താലയിൽ കുത്തക സീറ്റുകളടക്കം സി.പി.എമ്മിന് കൈവിട്ടു. മന്ത്രി എം.ബി രാജേഷിൻ്റെ മണ്ഡലമെന്ന നിലയിൽ തൃത്താലയിലെ കനത്ത തോൽവി സംസ്ഥാന തലത്തിൽ തന്നെ ചർച്ച ചെയ്യപ്പെടും. തൃത്താല ബ്ലോക്കിലെ ആകെയുള്ള ഏഴ് പഞ്ചായത്തുകളിൽ അഞ്ചിലും യു.ഡി.എഫിനാണ് വിജയം. നിലവിലുണ്ടായിരുന്ന പട്ടിത്തറ, ആനക്കര, ചാലിശ്ശേരി പഞ്ചായത്തുകൾ യു.ഡി.എഫ് ഭരണം നിലനിർത്തിയെന്ന് പറഞ്ഞ് ആശ്വസിക്കാമെങ്കിലും ദീർഘകാലമായി കയ്യടക്കി വച്ചിരുന്ന തൃത്താല നഷ്ടപ്പെട്ടത് കനത്ത ആഘാതമായി. യു.ഡി.എഫിന് വിമത ശല്യമുണ്ടായിട്ടു പോലും 19 ൽ 13 വാർഡ് നേടിയാണ് അട്ടിമറി വിജയം നേടിയത്.
കഴിഞ്ഞ തവണ തുല്യനിലയിൽ നിന്നിരുന്ന കപ്പൂർ പഞ്ചായത്ത് ഭരണം ഇത്തവണ യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് തിരിച്ചുപിടിച്ചത്.
നാഗലശ്ശേരിയിൽ എൽ.ഡി.എഫ് ഉജ്വല വിജയം നേടിയെങ്കിലും തിരുമിറ്റക്കോട് പഞ്ചായത്തിൽ തിളക്കം കുറഞ്ഞു.
തൃത്താല ബ്ലോക്ക് പഞ്ചായത്തിൽ 16ൽ എട്ടും നേടി യു.ഡി.എഫ് ഭാഗ്യ പരീക്ഷണത്തിനിറങ്ങുകയാണ്. കപ്പൂർ, തിരുവേഗപ്പുറ, വിളയൂർ ജില്ലാ പഞ്ചായത്ത് ഡിവിഷനും യു.ഡി.എഫ് സ്വന്തമാക്കുകയും ജില്ലാ നേതാവായ പി.എൻ മോഹനനപ്പോലും പരാജയപ്പെടുത്തുകയും ചെയ്തത് യു.ഡി.എഫിന് ആഹ്ലാദം വർധിപ്പിച്ചു.
പാർട്ടിക്കുള്ളിലെ വിഭാഗീയതയാണ് തകർച്ചക്ക് ആക്കം കൂട്ടിയതെന്ന് പ്രവർത്തകർ തന്നെ കുറ്റപ്പെടുത്തുന്നുണ്ട്.
തൃത്താല മണ്ഡലത്തിൽപ്പെട്ടതും പട്ടാമ്പി ബ്ലോക്കിനു കീഴിലുള്ളതുമായ പരുതൂർ പഞ്ചായത്ത് തിരിച്ചു പിടിച്ചതാണ് ഏക ആശ്വാസം.
ജനങ്ങളെ വെല്ലുവിളിച്ചും പരിഹസിച്ചും ജനദ്രോഹം അടിച്ചേൽപ്പിച്ചും മുന്നോട്ടുപോയ സി.പി.എമ്മിനും പഞ്ചായത്ത് വകുപ്പ് മന്ത്രിയ്ക്കുമുള്ള കനത്ത തിരിച്ചടിയാണ് ഈ ജനവിധിയെന്ന് മുൻ എം.എൽ.എ വി.ടി ബൽറാം പറഞ്ഞു.
