പാലക്കാട് കാണാൻ പോണ പൂരം എന്തായിരിക്കും? ആകാംക്ഷയോടെ നാടും നഗരവും.

ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ പാലക്കാട് നഗരസഭയില്‍ ഇനി എന്തു സംഭവിക്കുമെന്നറിയാൻ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു.

പത്താണ്ടായി നഗര ഭരണം ബി.ജെ.പി കയ്യടക്കി വച്ചിരിക്കുകയാണ്. ഇത്തവണ 30 ഡിവിഷൻ പിടിക്കാൻ പുറപ്പെട്ടതാണ്. പക്ഷേ 25ൽ ഒടുങ്ങി. അങ്ങനെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. തനിച്ച് ഭരിക്കാൻ 27 ഡിവിഷൻ വേണം. രണ്ടാളെ ചാക്കിട്ടു പിടിച്ച് ബി.ജെ.പി മൂന്നാമൂഴത്തിന് മുതിരുമോ? 

അത് അത്ര എളുപ്പമാകില്ല എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. അതായത് രണ്ടും മൂന്നും സ്ഥാനക്കാരും ബന്ധ ശത്രുക്കളുമായ യു.ഡി.എഫും എല്‍.ഡി.എഫും കൈകോര്‍ക്കുമെന്നാണ് പുതിയ വിവരം. എന്നാൽ ഈ മതേതര ചേരി രൂപം കൊള്ളുന്നത് തടയാനുള്ള നീക്കവും മറുഭാഗത്ത് നടക്കുന്നുണ്ട്.

കോണ്‍ഗ്രസിന്റെ വിമതനായ എച്ച്.റഷീദിനെ കൂടെ നിര്‍ത്താനാണ് കോണ്‍ഗ്രസ് ആലോചന. മതേതര മുന്നണിയുമായി സഹകരിക്കുമെന്ന് റഷീദ് ഇതിനകം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്ന് പാലക്കാട് എം.പി ശ്രീകണ്ഠനും വെളിപ്പെടുത്തി. 

അതേ സമയം സി.പി.എം ജില്ലാ നേതൃത്വവും ബി.ജെ.പിയുടെ മൂന്നാമൂഴം തടയാൻ എന്തു വിട്ടുവീഴ്ചയും ചെയ്യുണമെന്ന ആലോചനയിലാണ്.  ഇക്കാര്യത്തിൽ ജില്ലാകമ്മിറ്റി വൈകാതെ തീരുമാനം എടുക്കും. 

അതേ സമയം ജനവിധി മാനിക്കണമെന്നും നഗര ഭരണത്തിന് ജനവിധി ഉണ്ടെന്നും അവിശുദ്ധ സഖ്യം കൊണ്ട് ഭരണം അട്ടിമറിക്കാൻ തുനിയരുതെന്നും ബി.ജെ.പി നേതൃത്വം മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ രണ്ട് തവണയായി ബി.ജെ.പി ഭരിക്കുകയാണ് പാലക്കാട് നഗരസഭ. സംസ്ഥാനത്ത് ബി.ജെ.പിക്ക് ആദ്യമായി നഗരസഭാ ഭരണം ലഭിച്ചത് പാലക്കാടാണ്. രണ്ടാം ഭരണ കാലത്ത് പാളയത്തില്‍ പട സജീവമായിരുന്നു ബി.ജെ.പിയില്‍. ചെയര്‍ പേഴ്‌സണ്‍ പ്രമീള ശശിധരനെ തഴയാന്‍ ശ്രമം നടന്നിരുന്നു. സംസ്ഥാന നേതാവ് കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ശക്തമായ ഒരു ചേരി രൂപപ്പെടുകയും ചെയ്തു.

ഇതിന്റെ ഫലമാണ് ബി.ജെ.പിക്ക് ഇത്തവണ സീറ്റ് കുറഞ്ഞത്. 2020ല്‍ 28 സീറ്റില്‍ ജയിച്ച ബി.ജെ.പിക്ക് ഇത്തവണ 25 സീറ്റില്‍ തൃപ്തിപ്പെടേണ്ടി വന്നു. അതായത്, കേവല ഭൂരിപക്ഷം ലഭിച്ചില്ല. 53 അംഗ നഗരസഭയില്‍ 27 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഇതാണ് ബി.ജെ.പിയെ വെട്ടിലാക്കിയത്. ഈ അവസരം മുതലെടുക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. യു.ഡി.എഫ്-എല്‍.ഡി.എഫ് കൈ കൊടുക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ശക്തമായ മുന്നേറ്റം നടത്തിയ യു.ഡി.എഫ് ഇത്തവണ 18 സീറ്റില്‍ വിജയിച്ചു. എല്‍.ഡി.എഫ് 9 സീറ്റും നേടി. ബാക്കിയുള്ള ഒരു സീറ്റിലാണ് കോണ്‍ഗ്രസ് വിമതനായ റഷീദിന്റെ ജയം. റഷീദിനെ കൂടെ നിര്‍ത്തി ഭരണം പിടിക്കാനാണ് ഇപ്പോഴത്തെ നീക്കം. റഷീദ് ആവശ്യപ്പെടുന്ന പദവി നല്‍കിയേക്കുമെന്നാണ് വിവരം. ഒരിക്കലും ബി.ജെ.പിക്കൊപ്പം പോകില്ലെന്ന് റഷീദ് പറഞ്ഞു.

ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുമെന്ന് ശ്രീകണ്ഠന്‍ എം.പി വ്യക്തമാക്കി. സി.പി.എമ്മും കോണ്‍ഗ്രസും അതിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇനി ഭാവി കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്ന് എം.പി പറഞ്ഞു.

ഇനി സിപിഎം നിലപാടാണ് അറിയേണ്ടത്. പാര്‍ട്ടിയുടെ ജില്ലാ നേതൃത്വം ഇക്കാര്യത്തില്‍ വൈകാതെ തീരുമാനം എടുക്കും. പിന്‍വാതില്‍ ചര്‍ച്ചകള്‍ നടക്കുന്നു എന്നാണ് വിവരം. അതേസമയം, എല്‍.ഡി.എഫും യു.ഡി.എഫും ജനവിധി മാനിക്കുകയാണ് വേണ്ടതെന്ന് ബി.ജെ.പി നേതാവ് കൃഷ്ണകുമാര്‍ പ്രതികരിച്ചു. ബി.ജെ.പിയുടെ ഭരണം നിലനിര്‍ത്താന്‍ ആര്‍.എസ് 'എസ് ചില നീക്കങ്ങള്‍ നടത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിലും പാലക്കാട്ടെ രാഷ്ട്രീയം സംസ്ഥാന തലത്തിൽ ചർച്ചയാവും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം