ഒരു ഇടവേളയ്ക്ക് ശേഷം പട്ടാമ്പി നഗര ഭരണം യു.ഡി.എഫ് തിരിച്ചു പിടിച്ചു. കഴിഞ്ഞ തവണ സീറ്റു ചർച്ചയിലുണ്ടായ കലഹമാണ് തോൽവിക്ക് കാരണമായതെങ്കിൽ ഇത്തവണ വിട്ടുപോയവരെ ചേർത്തു നിർത്തിയതാണ് ഉജ്വല വിജയത്തിന് കാരണം.
കോൺഗ്രസ് വിട്ട് വീ ഫോർ പട്ടാമ്പി എന്ന കൂട്ടായ്മ രൂപീകരിച്ച് ഇടതുപക്ഷത്തോടൊപ്പം ചേർന്നാണ് ടി.പി ഷാജിയും കൂട്ടരും മുന്നണിയെ ഭരണത്തിൽ നിന്ന് മാറ്റി നിർത്തിയത്. എന്നാൽ ഇത്തവണ എൽ.ഡി.എഫ് വിട്ട് കോൺഗ്രസിൽ തിരിച്ചെത്തിയ ടി.പി ഷാജി തന്നെയാണ് വിജയ ശില്പിയായതും.
മുന്നണിയായി മത്സരിച്ച 29 വാർഡുകളിൽ 19 എണ്ണം നേടിയാണ് യു.ഡി.എഫ് ഭരണത്തിലേറുന്നത്. ഒരു സീറ്റ് എൻ.ഡി.എ നിലനിർത്തി.
കഴിഞ്ഞ തവണ 28 ൽ യു.ഡി.എഫിന് 11 സീറ്റും എല്‍.ഡി.എഫിന് 10 സീറ്റും എന്‍.ഡി.എയ്ക്ക് ഒരു സീറ്റും വീ ഫോര്‍ പട്ടാമ്പിക്ക് ആറ് സീറ്റുമാണ് ലഭിച്ചത്. കോൺഗ്രസിൽ ഭിന്നിപ്പില്ലായിരുന്നുവെങ്കിൽ ഭരണം നഷ്ടപ്പെടില്ലായിരുന്നു.
വീ ഫോര്‍ പട്ടാമ്പിയുമായി ചേര്‍ന്നാണ് എല്‍.ഡി.എഫ് 2020 ൽ ഭരണം പിടിച്ചത്. ടി.പി ഷാജി വൈസ് ചെയർമാനായിരുന്നു.
വീഫോർ പട്ടാമ്പി കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയതോടെ യു.ഡി.എഫ് ഭരണം പിടിക്കുമെന്ന് ഉറപ്പായിരുന്നു. അതുകൊണ്ടു തന്നെ പ്രതീക്ഷിത വിജയമാണ് യു.ഡി.എഫ് നേടിയത്.
പട്ടാമ്പി നഗരസഭയിലെ ഡിവിഷന്‍ 13ലാണ് ടി.പി ഷാജി മത്സരിച്ചത്. 182 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാജി വിജയിച്ചത്. യു.ഡി.എഫ് ഭരണസമിതിയുടെ ചെയർമാൻ ടി.പി ഷാജി തന്നെയായിരിക്കും എന്നാണ് സൂചന.
