വർഷങ്ങളായി തകർന്നു കിടക്കുന്ന ചാലിശ്ശേരി - പട്ടാമ്പി സംസ്ഥാന പാതയിൽ സമഗ്ര നവീകരണം പുരോഗമിക്കുന്നു.
റോഡിൻ്റെ നവീകരണ പ്രവൃത്തി സെപ്‌തംബർ രണ്ടിനാണ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തത്. ജനുവരി 2 മുതൽ 11 വരെ കുടുംബശ്രീ മിഷൻ്റെ പതിമൂന്നാമത് ദേശീയ സരസ് മേള നടക്കുന്നത് ചാലിശ്ശേരിയിലാണ്. ഇതിൻ്റെ മുമ്പ് നിർമ്മാണം പൂർത്തീകരിക്കാനാണ് നിർവ്വഹണം ഏറ്റെടുത്ത കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് മേധാവികൾ ലക്ഷ്യമിടുന്നത്.
നിരത്ത് ആധുനിക നിലവാരത്തിലേക്ക് ഉയർത്തുന്നതിൻ്റെ ഭാഗമായി ഇരുവശങ്ങളിലും അഴുക്കുചാൽ നിർമ്മാണവും കലുങ്കു നിർമ്മാണവും നടക്കുന്നുണ്ട്.
63.79 കോടി ചെലവിൽ ചാലിശ്ശേരി തണത്തറ പാലം മുതൽ പട്ടാമ്പി -തൃത്താല റോഡ് ജങ്ഷൻ വരെയുള്ള 14 കിലോമീറ്റർ നീളത്തിലുള്ള റോഡാണ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിക്കുന്നത്. ഇതിന് റിബിൽഡ് കേരള ഇനീഷ്യേറ്റീവിൽ നിന്ന് സർക്കാർ 63.79 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
നവീകരണത്തിൻ്റെ ഭാഗമായി റോഡിൻ്റെ ഇരുവശത്തും വീതി കൂട്ടും. 28 കലുങ്ക് പുതുക്കിപ്പണിയുന്നുണ്ട്. ആവശ്യമായ സ്ഥലങ്ങളിൽ ഡ്രെയിനേജുകളും നിർമ്മിക്കും. ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും ബസ് ബേകളും ഒരുക്കും.
